ആംബുലന്‍സ് എത്താന്‍ വൈകി ട്രെയിന്‍ തട്ടി പരുക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചത് ഗുഡ്സ് ഓട്ടോയില്‍
കാസര്‍കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണു ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത് ഗുഡ്സ് ഓട്ടോയില്‍. കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് വെന്‍ഡിംഗ് മെഷീന് ടിക്കറ്റ് വില്പനക്കാരനായ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ വത്സലന്‍(62) അപകടത്തില്‍പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനായി ബൈന്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറുന്നതിനിടയിലാണ് അപകടം. സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ ചാടിക്കയറാന്‍ ശ്രമിച്ച ഇയാള്‍ കാല് വഴുതി ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു. അപകടം കണ്ട ഗാര്‍ഡ് നല്കിയ സിഗ്നലിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. ഇരുകാല് മുട്ടിനും താഴെ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി ആംബുലന്‍സ് വിളിച്ച് അരമണിക്കൂറോളം കാത്തു നിന്നെങ്കിലും വണ്ടി എത്താത്തിനെ തുടര്‍ന്നാണ് അതുവഴി വന്ന ഗുഡ്സ് ഓട്ടോയില്‍ കയറ്റിയത്. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം മംഗളൂരു ആശുപത്രിയിലേക്കും മാറ്റിയ വത്സലനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരു കാലിന്റെ പാദം മുറിച്ചു നീക്കി. റെയില്‍വേയില്‍ നിന്നു വിരമിച്ച ജീവനക്കാരനായ ഇയാള്‍ രണ്ടാഴ്ച മുന്‍പാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വെന്‍ഡിങ് മെഷീന് ടിക്കറ്റ് വില്പനക്കാരനായി ജോലിക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."