ടാര്‍ കൊച്ചിയില്‍ നിന്നു വാങ്ങണമെന്ന നിര്‍ദേശത്തിനെതിരേ പ്രതിഷേധം: പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍
ചെറുവത്തൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ടെണ്ടറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിക്കുന്നതിനെ തുടര്‍ന്നു പശ്ചാത്തല മേഖലയിലെ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍. 2016 -17 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിനു രണ്ടു മാസം പോലും ബാക്കിയില്ലെന്നിരിക്കെ കരാറുകാരുടെ പ്രതിഷേധം വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പുതിയ നിബന്ധനയാണു കരാറുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്കാവശ്യമായ ടാര്‍ കൊച്ചിയില്‍ നിന്നു വാങ്ങണമെന്നും ബില്ല് ഹജരാക്കണമെന്നുമാണു പുതിയ നിര്‍ദേശം.
എന്നാല്‍ ചെറിയ പ്രവൃത്തികള്‍ക്കു കൊച്ചിയില്‍ നിന്നു ടാര്‍ വാങ്ങണമെങ്കില്‍ തങ്ങള്‍ക്കു വലിയ നഷ്ടം സംഭവിക്കുമെന്നു കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടാര്‍ അതതു പഞ്ചായത്തു മുഖേന ലഭ്യമാക്കുകയോ ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കുകയോ വേണമെന്നാണു കരാറുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രവൃത്തികള്‍ അനിശ്ചിതമായി നീളുമെന്ന നിലയിലേക്കു കരാറുകാര്‍ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിര്‍ണായക സമയത്തു ടെണ്ടര്‍ ബഹിഷ്‌കരിക്കുന്ന നടപടിക്കെതിരേ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കിടയിലും പ്രതിഷേധമുണ്ട്.
സീതാംഗോളിയിലെ സിഡ്‌കോ യൂനിറ്റില്‍ നിന്നാണു കരാറുകാര്‍ ടാര്‍ വാങ്ങികൊണ്ടിരുന്നത്. എന്നാല്‍ സിഡ്‌കോയുടെ കൃത്രിമ രശീതി ചിലര്‍ കരാറുകാര്‍ ഹാജരാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണു ടാര്‍ കൊച്ചിയില്‍ നിന്നു വാങ്ങണമെന്ന നിബന്ധന വച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ തങ്ങളെ ദ്രോഹിക്കാനുള്ള നടപടിമാത്രമാണിതെന്ന് കരാറുകാര്‍ പറയുന്നു. ഒരു ബാരല്‍ ടാറിന് 4800 രൂപയാണെത്ര ഇവിടെ ഇപ്പോഴത്തെ വില.
കൊച്ചിയില്‍ ബാരലിന് 5900 രൂപയാണെന്ന് കരാറുകാര്‍ പറയുന്നു. ഒരു ബാരല്‍ ടാറിന് 1100 രൂപ അധികം. കൂടാതെ ഒരു ലോഡ് ടാര്‍ കൊച്ചിയില്‍ നിന്നു ജില്ലയിലെത്തിക്കാന്‍ 24,000 രൂപ വാഹന വാടകയാകുമെന്നും കരാറുകാര്‍ പറയുന്നു. കരാറുകാരുടെ പ്രയാസം ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് ഇളവ് അനുവദിക്കാന്‍ ചില പഞ്ചായത്ത് ഭരണ സമിതികള്‍ തീരുമാനമെടുക്കുകയുണ്ടായി. എന്നാല്‍ ചീഫ് എന്‍ജിനിയറുടെ നിര്‍ദേശം അവഗണിച്ചു ഭരണ സമിതി തീരുമാനം നടപ്പാക്കാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ തയാറല്ല.
പ്രശ്‌നം പരിഹരിക്കുന്നതുവരെ ടെണ്ടര്‍ നടപടി ബഹിഷ്‌ക്കരിക്കാനാണു കരാറുകാരുടെ തീരുമാനം. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ പശ്ചാത്തല മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഒന്നും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."