ശ്രീജിവിന്റെ കസ്റ്റഡി മരണം: അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് രേഖകള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടക്കംമുതല്‍ കാര്യക്ഷമമായിരുന്നില്ലെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്.
ഹൈക്കോടതിയുടെ സ്‌റ്റേ നിലനിന്നതു കാരണമാണ് അന്വേഷണം മന്ദീഭവിച്ചതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്റ്റേയുണ്ടാകുന്നതിന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കാര്യക്ഷമമായി അന്വേഷണം നടന്നില്ലെന്നതിന് മനുഷ്യാവകാശ കമ്മിഷന്റെ കേസ് ഫയലുകളാണ് തെളിവായി മാറുന്നത്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ 2014 ജൂലൈയിലെ ഉത്തരവ് അട്ടിമറിച്ചതിനൊപ്പം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള തെളിവുകള്‍ പൊലിസ് മറച്ചുവയ്ക്കുകയും ചെയ്തു.
ശ്രീജിവിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിനും ആരോപണ വിധേയര്‍ക്കെതിരായ നടപടിക്കും തടസം ഹൈക്കോടതിയില്‍ നിന്ന് കുറ്റാരോപിതരായ പൊലിസുകാര്‍ വാങ്ങിയ സ്റ്റേയാണെന്നാണ് പൊലിസും സര്‍ക്കാരും പറയുന്നത്. ഈ സ്റ്റേ ഉത്തരവ് വരുന്നത് 2016 ഒക്ടോബറിലാണ്. അതിനും രണ്ട് വര്‍ഷം മുന്‍പാണ് ശ്രീജിവിന്റെ അമ്മ രമണിയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തത്. പൊലിസില്‍ നിന്ന് മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടിയെങ്കിലും അന്വേഷണം പുരോഗമിക്കുന്നുവെന്ന മറുപടി മാത്രമാണ് പൊലിസ് നല്‍കിയത്. ഇതില്‍ പ്രതിഷേധം അറിയിച്ച് മനുഷ്യാവകാശ കമ്മിഷന്റെ അന്നത്തെ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. കസ്റ്റഡി മരണമായതിനാല്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറണമെന്നും സംസ്ഥാന പൊലിസ് മേധാവിയ്ക്ക് നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ ഉത്തരവിന് മറുപടിയായി രേഖകള്‍ ഹാജരാക്കിയില്ലെന്ന് മാത്രമല്ല, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുമില്ല. ഹൈക്കോടതിയുടെ സ്റ്റേയുണ്ടാകുന്നതിന് മുന്‍പുതന്നെ കസ്റ്റഡി മരണം ആത്മാര്‍ഥമായി അന്വേഷിക്കുന്നതില്‍ പൊലിസ് താല്‍പര്യം കാണിച്ചില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."