വര്‍ഗീയതക്കെതിരായ വിശാല ഐക്യവും തെരഞ്ഞെടുപ്പും രണ്ട്: പിണറായി
കൊച്ചി: വര്‍ഗീയതക്കെതിരായ വിശാല ഐക്യവും തെരഞ്ഞെടുപ്പും രണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസ്, ബി.ജെ.പി വര്‍ഗീയതക്കെതിരേ രാജ്യത്ത് വിശാല ഐക്യം ഉയര്‍ന്നുവരണം. ഇതിനെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കാന്‍ കഴിയില്ല.
വിശാല ഐക്യത്തില്‍ മതനിരപേക്ഷതയുള്ള എല്ലാവര്‍ക്കും കടന്നുവരാം. എന്നാല്‍, ഇതിനെ മറ്റ് ചിലതുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഐക്യമാണ് ഇവരുടെ ഉദ്ദേശ്യം.
മതനിരപേക്ഷത സംരക്ഷിക്കുന്നതിനായുള്ള ഒത്തുചേരലും തെരഞ്ഞെടുപ്പിലെ സഹകരണവും രണ്ടാണ്. ആദ്യം പറഞ്ഞ വേദിയില്‍ എല്ലാവര്‍ക്കും വരാം. തെരഞ്ഞെടുപ്പില്‍ രൂപപ്പെടേണ്ട കൂട്ടുകെട്ട് നയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം ഉദാരവല്‍കരണ നയങ്ങളാണ്. ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന ഉദാരവല്‍കരണ നയങ്ങള്‍ പിന്തുടരുന്നവരാണ് കോണ്‍ഗ്രസ്.
അവരുമായി സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മിന് കഴിയില്ല. അതിനാല്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നാണ് സി.പി.എം നിലപാട്.
വലതുപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് മനസുമടുത്ത് സി.പി.എമ്മിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അവരെ എല്ലാതലങ്ങളിലും ഉള്‍ക്കൊണ്ടുപോകാന്‍ പാര്‍ട്ടിക്ക് കഴിയണം. രാജ്യം ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന മൂല്യങ്ങളെ തകര്‍ത്തെറിയുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നത്. പാര്‍ലമെന്ററി ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയുമെല്ലാം തകര്‍ത്തെറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍.എസ്.എസ് നിലപാടുകളെ തുടക്കംമുതലെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് അധ്യക്ഷനായിരുന്നു. എം. സ്വരാജ് എം.എല്‍.എ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം ലോറന്‍സ്, കെ.എം സുധാകരന്‍, കെ.എന്‍ രവീന്ദ്രനാഥ്, എസ്. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, സി.എം ദിനേശ്മണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."