പി. ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയ എ.എസ്.ഐക്ക് സസ്പെന്ഷന്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനോട് പൊലിസ് സ്റ്റേഷനില്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്ഷന്. മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐയും കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവുമായ കെ.എം മനോജിനെയാണ് കണ്ണൂര്‍ പൊലിസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ ടോയ്ലറ്റ് സൗകര്യം ചോദിച്ചെത്തിയ പി ജയരാജന്റെ മകന് ആശിഷ് പി രാജിനോട് എ.എസ്.ഐ മനോജ് അപമര്യാദയായി പെരുമാറിയെന്നും ദേഹത്ത് പിടിച്ച് തള്ളിയെന്നുമുള്ള സി.ഐ എ.വി ജോണിന്റെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് നടപടി.
സ്റ്റേഷനിലെത്തിയ ആശിഷ് രാജിനെ എ.എസ്.ഐ മനോജ് സ്റ്റേഷനകത്തേക്ക് തള്ളുന്ന സി.സി.ടി.വി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതേസമയം എഡിറ്റു ചെയ്ത ദൃശ്യങ്ങളാണ് പുറത്തു വന്നതെന്നും എ.എസ്.ഐയോട് ക്ഷുഭിതനായി സംസാരിച്ചു പുറത്തുപോയ ആശിഷ് തിരിച്ചുവന്നശേഷമുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്കൂള്‍ യാത്രാസംഘത്തോടൊപ്പം ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങിയ പി ജയരാജന്റെ മകന് ആശിഷ് രാജ് തനിക്കും 17 അംഗ സംഘത്തിനും സ്റ്റേഷനിലെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ടാണ് മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. പി ജയരാജന്റെ മകനാണെന്ന് വ്യക്തമാക്കാതെയായിരുന്നു ആശിഷിന്റെ ആവശ്യം.
എന്നാല്‍ ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ഇനുവദിക്കാന് കഴിയില്ലെന്ന നിലപാടിലായിരുന്നു പൊലിസ്. ഇത് വാക്ക് തര്‍ക്കത്തിനിടയായി. ആശിഷ് അപമര്യാദയായി പെരുമാറിയെന്ന് എ.എസ്.ഐ മനോജും, എ.എസ്.ഐക്കിരേ ആശിഷും പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."