അവധി ദിവസം പള്ളിയില്‍ പോകരുതെന്ന് ചൈനയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം
ബെയ്ജിങ്: മതവിശ്വാസത്തിനു കടുത്ത നിയന്ത്രണവുമായി വീണ്ടും ചൈന. ശീതകാല അവധി ദിവസങ്ങളില്‍ പള്ളിയില്‍ പോകുന്നതിന് വിദ്യാര്‍ഥികളെ വിലക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് വെസ്റ്റ് ചൈനയിലെ വകുപ്പ് അധികൃതരാണ് വിദ്യാര്‍ഥികളോട് ഇത്തരമൊരു കല്‍പന പുറപ്പെടുവിച്ചിരിക്കുന്നത്. ചൈനീസ് മാധ്യമമായ 'ഗ്ലോബല്‍ ടൈംസ് ' ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാന്‍സു പ്രവിശ്യയിലെ ഗുവാങ്ങെ കൗണ്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതരാണു വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ശീതകാല അവധി ദിനങ്ങളില്‍ മതവേദികളിലോ ചടങ്ങുകളിലോ മതവേദ പാഠശാലകളിലോ പോകരുതെന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് ആവശ്യപ്പെടണമെന്ന് ഉത്തരവില്‍ പറയുന്നു. എല്ലാ സ്‌കൂളുകളും പ്രത്യയശാസ്ത്ര, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പൊതുപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.
ചൈനയുടെ നയമനുസരിച്ച് മതവും വിദ്യാഭ്യാസവും ഒരുമിച്ചുകൊണ്ടുപോകാനാകില്ലെന്നും അതുകൊണ്ടു തന്നെ ചൈനീസ് അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവ് പൂര്‍ണമായും ശരിയാണെന്നും ബെയ്ജിങ്ങിലെ മിന്‍സു യൂനിവേഴ്‌സിറ്റി ഓഫ് ചൈനയിലെ വംശപഠന വിഭാഗം പ്രൊഫസര്‍ ഷിയോങ് കുന്‍ഷിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."