കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ ജില്ലയില്‍ ആഹ്ലാദം
കാസര്‍കോട്: കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതില്‍ ജില്ലയിലും പ്രവാസി ലോകത്തും ആഹ്ലാദം. ഏറെക്കാലത്തെ ആഗ്രഹത്തിനാണ് പൂര്‍ത്തീകരണം വരുന്നത്. പുതുതായി പാസ്‌പോര്‍ട്ട് സമ്പാദിക്കാനും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പുതുക്കുന്നതിനും മറ്റും ഇപ്പോള്‍ പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. നേരത്തെ കോഴിക്കോട്ടുമാത്രമാണ് സൗകര്യമുണ്ടായിരുന്നത്.
ഈ മാസം 28നു കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും. സ്വന്തം കെട്ടിടത്തില്‍ സ്ഥിരസൗകര്യം ഒരുക്കിയാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ കഴിഞ്ഞ ദിവസം കാസര്‍കോട്ട് എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ രണ്ടുവര്‍ഷം മുമ്പ് 'എന്റെ ദേശം' വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തുന്ന കാംപയിനു പിന്തുണ തേടി കാസര്‍കോട്ടെത്തിയ മംഗളൂരു എം.പി നളിന്‍ കുമാര്‍ കട്ടിലിനെ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ചു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നു ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ ആദ്യ പടിയായി പാസ്‌പോര്‍ട്ട് സേവാ ക്യാംപ് 2015 സെപ്റ്റംബര്‍ 27 നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 വരെ പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ 53,911 അപേക്ഷകളാണ് കിട്ടിയത്. ഇതില്‍ 44,844 അപേക്ഷകളും കാസര്‍കോട് ജില്ലയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ച 71,378 അപേക്ഷകളില്‍ 52,173 അപേക്ഷകളും കാസര്‍കോടിന്റേതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."