മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീ വിലക്കിനെച്ചൊല്ലി സംഘര്‍ഷം
പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രി യോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ വൈകിട്ട് കോഴഞ്ചേരിയിലാണ് സംഭവം.
രാത്രി യോഗങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് മാര്‍ത്തോമാ സഭ നവീകരണ വേദിയാണ് പ്രതിഷേധയോഗം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ എതിര്‍വിഭാഗം പ്രതിഷേധക്കാരുമായി വാക്കു തര്‍ക്കമായി. കണ്‍വന്‍ഷന്റെ രാത്രി യോഗത്തില്‍ സ്ത്രീകളെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് യോഗം തടയാനെത്തിയവര്‍ നിലപാടെടുത്തു. രാത്രിയോഗത്തില്‍ സ്ത്രീകള്‍ കയറുമെന്ന് മറുവിഭാഗവും പ്രഖ്യാപിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി. ഇത് കൈയേറ്റത്തിലേക്ക് നീങ്ങി. ഇതിനിടെ ചിലര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് പൊലിസ് എത്തി ഇരുകൂട്ടരേയും നീക്കുകയായിരുന്നു. പ്രതിഷേധ യോഗം തുടരുന്നത് പൊലിസ് വിലക്കി.
മാരാമണ്‍ കണ്‍വന്‍ഷന്റെ നടത്തിപ്പുകാരായ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റിയംഗം ഷിജു സ്‌കറിയ, ട്രഷറര്‍ റോയി ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.
സഭയിലെ ചില വൈദികരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളായ നിരവധി സ്ത്രീകളും യോഗത്തിനെത്തിയിരുന്നു. കണ്‍വന്‍ഷനോടനുബന്ധിച്ച് രാത്രി 7.30 മുതല്‍ നടക്കുന്ന യോഗത്തിലാണ് സ്ത്രീകളെ വിലക്കിയത്.
തുടക്കകാലത്ത് സ്ത്രീകള്‍ക്ക് രാത്രി യോഗത്തില്‍ പ്രവേശനം ഉണ്ടായിരുന്ന കാര്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതിന്റെ വെളിച്ചത്തില്‍ പ്രവേശനം വേണമെന്ന് വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സഭയിലെ മെത്രാപ്പൊലീത്തമാരും എപ്പിസ്‌കോപ്പമാരും മറ്റ് ഉന്നതരും ചേര്‍ന്ന് എതിര്‍ ശബ്ദങ്ങളെ ഒതുക്കുകയായിരുന്നത്രേ.
ഈ സാഹചര്യത്തില്‍, ജനുവരി 27 ന് കൂടിയ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റി യോഗത്തില്‍ ഷിജു സ്‌കറിയ രാത്രി യോഗങ്ങളിലെ സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് കടുത്ത വിവേചനം ആണെന്നും കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സഭ മാറണമെന്നുമായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം.
എന്നാല്‍ പ്രമേയം പൂര്‍ണമായി അവതരിപ്പിക്കാന്‍ ഒരു വിഭാഗം അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് സഭയില്‍ ഇരു വിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇത് തെരുവു യുദ്ധത്തിലേക്കെത്തിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറിക്കു കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."