ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ട ജവാനെ കാണാന്‍ കുടുംബത്തിന് അനുമതി
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയ ബി.എസ്.എഫ് ജവാന് തേജ് ബഹദൂറിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്കു അനുമതി. തേജ്ബഹാദൂറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഭാര്യ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് അനുമതി ലഭിച്ചത്. ഹരജി പരിഗണിക്കുന്നതിനിടെ ജവാനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
തേജ്ബഹാദൂര്‍ സൈന്യത്തിന്റെ കസ്റ്റഡിയിലല്ലെന്നും മറ്റൊരു ബറ്റാലിയനിലേക്കു മാറ്റിയിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിച്ചു.
അങ്ങനെയെങ്കില്‍ ജവാനെ എത്രും വേഗം സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി.
പൂഞ്ചിലാണ് ജവാന് ഇപ്പോള്‍ ഉള്ളതെന്നും ബന്ധുക്കള്‍ക്ക് അവിടെയെത്തി ഇന്നു തന്നെ അദ്ദേഹത്തെ കാണാമെന്നും ആഭ്യന്തരമന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയ്ന്‍ അറിയിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ തേജ് ബഹദൂറിന്റെ ഭാര്യയും സഹോദരനും ബി.എസ്.എഫ് മേധാവിയെ കണ്ട് പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."