ആനയുടെ ആക്രമണം: മനുഷ്യപങ്കിലും ഇടപെടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: വനങ്ങളോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലും മറ്റുമായി ആനകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇതില്‍ മനുഷ്യര്‍ക്കുള്ള പങ്കും ഗൗരവമായി പരിശോധിച്ച് ഇടപെടണമെന്ന് ശുപാര്‍ശ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആന സംരക്ഷണം സംബന്ധിച്ച് കഴിഞ്ഞയാഴ്ച തലസ്ഥാനത്തു നടന്ന സാങ്കേതിക ശില്‍പശാല ചര്‍ച്ചചെയ്തു തയാറാക്കിയ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്യുന്നത്.
സംഘര്‍ഷം കുറയ്ക്കാനുള്ള നടപടികളില്‍ വനയോര ജനവാസ കേന്ദ്രങ്ങളില്‍ താമസിക്കുന്ന കര്‍ഷകരടക്കമുള്ളവരുടെ സമീപനത്തെക്കുറിച്ചുള്ള അന്വേഷണത്തിനു പ്രാധാന്യം നല്‍കണം. വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും സമീപം കൃഷിയിറക്കുന്നതിന് വ്യക്തമായ നയമുണ്ടാക്കുകയും നിയമപരമായ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. ആനകളുടെ നീക്കങ്ങളെക്കുറിച്ചും സ്വഭാവ സവിശേഷതകളെക്കുറിച്ചും വനയോരവാസികള്‍ക്ക് വ്യക്തമായ അറിവു നല്‍കണം. ആനകളുടെ സാന്നിധ്യം അവരെ അറിയിക്കാനും സംവിധാനമുണ്ടാക്കണം.
ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്ന തോക്കിനു ലൈസന്‍സുള്ളവര്‍ അത് ഡി.എഫ്.ഒ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ കേന്ദ്ര, സംസ്ഥാന വനനിയമങ്ങള്‍ ഭേദഗതി ചെയ്യണം. മനുഷ്യര്‍ ആനകളെ കൈവശം വയ്ക്കുന്നതു സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായ തോതില്‍ ഭേദഗതി ചെയ്യണം. നാട്ടാനകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ നടപടികളുണ്ടാകണം. ആനകളുടെ സംരക്ഷണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡുകള്‍ അടക്കമുള്ള ആനയുടമകള്‍ക്കും പാപ്പാന്‍മാര്‍ക്കും വ്യക്തമായ ബോധവല്‍ക്കരണം നടത്തണം. വനയോര മേഖലയില്‍ ആനകളുടെ ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ സ്വഭാവം കൃത്യമായി വിലയിരുത്തണം. ഓരോ വനപ്രദേശങ്ങളിലെയും ആനകളുടെ എണ്ണം, അവയുടെ സഞ്ചാരമാര്‍ഗങ്ങള്‍, സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ എന്നിവ പഠനവിധേയമാക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യണം.
ഇത്തരം പ്രദേശങ്ങളില്‍ ആനകളുടെയും മനുഷ്യരുടെയും സംരക്ഷണത്തിന് അന്തര്‍സംസ്ഥാന സംവിധാനമുണ്ടാക്കണം. ആന സങ്കേതങ്ങളുടെ സംരക്ഷണത്തിനായി കൂടുതല്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കണം. ആനകളുടെ വാസകേന്ദ്രങ്ങളെ മേഖലകളായി തിരിച്ച് പ്രത്യേകം സംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും വേണം. ആനകളും മനുഷ്യരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന സ്ഥലങ്ങളില്‍ വനപാലകരുടെ എണ്ണം വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."