വിദേശികളുടെ ജയില്‍ശിക്ഷാ കാലയളവ് കുറയ്ക്കാന്‍ നീക്കം
ജിദ്ദ: സഊദിയില്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ ജയില്‍ശിക്ഷയുടെ കാലയളവ് കുറക്കാന്‍ നീക്കം. പകരം ഇത്തരക്കാരെ നാടുകടത്തുന്ന വിധത്തില്‍ നിയമം പരിഷ്‌കരിക്കാനാണു നീക്കം. സഊദി ജയില്‍ നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ജയില്‍ശിക്ഷയുടെ കാലയളവ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ ആകെയുള്ള തടവുകാരില്‍ 49 ശതമാനത്തെക്കാള്‍ വിദേശികള്‍ കൂടാന്‍ പാടില്ലെന്ന നിലക്കാണു നിയമം പരിഷ്‌കരിക്കുക. വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്ന വിദേശികള്‍ അവര്‍ ജയിലിലടക്കപ്പെടേണ്ടവരല്ലെങ്കില്‍ നാടുകടത്തുകയായിരിക്കും ചെയ്യുകയെന്നു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കുന്ന വിദേശികളെയും നാടുകടത്തും. കൂടാതെ കൂടുതല്‍ കാലം ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷയില്‍ നാലില്‍ ഒരു ഭാഗം ഇളവു ചെയ്തും നാടുകടത്തും. ജയില്‍ശിക്ഷയ്ക്കു പകരം പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതുള്‍പ്പെടയുള്ള പൊതുസേവനങ്ങള്‍ ചെയ്യിപ്പിക്കുന്ന ബദല്‍ ശിക്ഷാനിയമവും താമസിയാതെ നടപ്പാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."