യമന്‍യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് ജര്‍മനി നിര്‍ത്തുന്നു
ബെര്‍ലിന്‍: യമനിലെ ആഭ്യന്തരയുദ്ധത്തില്‍ പങ്കാളികളായ രാഷ്ട്രങ്ങള്‍ക്ക് ആയുധം നല്‍കുന്നത് ജര്‍മനി നിര്‍ത്തലാക്കുന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന്റെ ഉപദേഷ്ടാവ് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ നടന്ന ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം അനന്തമായി നീളുന്നതിനിടെയാണു പുതിയ പ്രഖ്യാപനം പുറത്തുവരുന്നത്.
പുതിയ തീരുമാനം സഊദി അറേബ്യയെയാണു കൂടുതല്‍ ബാധിക്കുക. 2017ലെ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാത്രം 450 മില്യന്‍ യൂറോ(ഏകദേശം 3,511 കോടി രൂപ)യുടെ ആയുധം ജര്‍മനി സഊദിക്കു വിറ്റതായാണു കണക്ക്. യമനില്‍ 2015 മുതല്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധമുഖത്തുണ്ട്. രാജ്യത്തെ വിമതവിഭാഗമായ ഹൂതികള്‍ക്കെതിരേ സര്‍ക്കാരിനെ സഹായിക്കാനാണ് സഊദി ഇടപെട്ടത്.
നിലവില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും(സി.ഡി.യു) മുന്‍ സഖ്യകക്ഷികളായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി)യും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രാരംഭ ചര്‍ച്ചയുടെ തീരുമാന പ്രകാരം ഒരു വിധത്തിലുള്ള ആയുധ കയറ്റുമതിയും നടത്തില്ലെന്നു തീരുമാനിച്ചതായി മെര്‍ക്കലിന്റെ ഉപദേഷ്ടാവ് സ്റ്റെഫന്‍ സീബെര്‍ട്ട് അറിയിച്ചു.
ജര്‍മനിയുടെ തീരുമാനത്തെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഗള്‍ഫ് ഘടകം അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളും ജര്‍മനിയുടെ പാത പിന്തുടരണമെന്നും ആംനെസ്റ്റി ഗള്‍ഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 'യമനിലെ സംഘര്‍ഷത്തിന്റെ ഭാഗമായ കക്ഷികള്‍ക്ക് ആയുധകയറ്റുമതി നിര്‍ത്താനുള്ള ജര്‍മന്‍ തീരുമാനം നല്ല വാര്‍ത്തയാണ്. സഊദി സഖ്യസേനയ്ക്ക് ആയുധം വില്‍ക്കുന്ന യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള മറ്റു രാജ്യങ്ങളും നടപടിയെ പിന്തുടരണം'-ട്വീറ്റില്‍ ആവശ്യപ്പെട്ടു.
യുദ്ധം ആരംഭിച്ചതിനു ശേഷം ഇതുവരെയായി ബ്രിട്ടന്‍ 4.6 ബില്യന്‍ പൗണ്ടിന്റെ(ഏകദേശം 40,000 കോടി രൂപ)യുടെ ആയുധങ്ങള്‍ സഊദിക്കു നല്‍കിയതായി യു.കെ കേന്ദ്രമായുള്ള ആയുധവില്‍പന വിരുദ്ധ സമിതിയായ കാംപെയ്ന്‍ എഗൈന്‍സ്റ്റ് ആംസ് ട്രേഡ്(സി.എ.എ.ടി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."