കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് കേന്ദ്ര കമ്മിറ്റി നേരിട്ട് നടത്തിയേക്കും
കൊണ്ടോട്ടി: കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് നടത്തിയേക്കും. എന്നാല്‍ കേന്ദ്രത്തിന്റെ നിലപാടിനോട് സഹകരിക്കേണ്ടതില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. കേരളത്തില്‍ 22ന് ഹജ്ജ് നറുക്കെടുപ്പ് നടത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടതെങ്കിലും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലെ വിധി 30ന് വരുമെന്നിരിക്കെ ഫെബ്രുവരി രണ്ടിലേക്കു മാറ്റണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹജ്ജ് നറുക്കെടുപ്പ് 23നകം പൂര്‍ത്തുയാക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഹജ്ജ് ക്വാട്ട വീതിച്ച 31 ഇടങ്ങളിലും നറുക്കെടുപ്പ് പൂര്‍ത്തിയായി വരികയാണ്. 14 ഇടങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ക്ക് അനുസരിച്ച് ക്വാട്ട ലഭിച്ചതിനാല്‍ നറുക്കെടുപ്പ് വേണ്ടിവന്നില്ല. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലും കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഹജ്ജ് നറുക്കെടുപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ സഹകരണത്തോടെ കേന്ദ്ര കമ്മിറ്റിയാണ് വര്‍ഷങ്ങളായി നടത്തുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവഗണിച്ച് കേന്ദ്ര കമ്മിറ്റി സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ അവലോകന യോഗത്തില്‍ വിമര്‍ശനമുണ്ടായതായി കേന്ദ്ര ഹജ്ജ് കമ്മറ്റിയംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍, അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് ഒഴിവാക്കല്‍ അടക്കമുള്ള കാര്യങ്ങളിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ കേന്ദ്ര യോഗത്തില്‍ തുറന്നടിച്ചത്. എന്നാല്‍ ഇവ മുഖവിലക്കെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ വര്‍ഷം തന്നെ കേന്ദ്രം സബ്‌സിഡി നിര്‍ത്തലാക്കിയതിനെ പലരും ചോദ്യം ചെയ്തു. സബ്‌സിഡി നിര്‍ത്തലാക്കിയപ്പോള്‍ ഹജ്ജ് സീസണിലെ വിമാനനിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തിട്ടില്ല.
കേരളത്തിലെ ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയില്‍ സൗകര്യമില്ലാത്തതിനാല്‍ കരിപ്പൂരിലേക്കു മാറ്റണമെന്ന് അറിയിച്ചു. ഇതിനും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എം.പി സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."