കെട്ടിട നിര്‍മാണത്തിനും ഇനി വനിതാപട
വടക്കാഞ്ചേരി: സ്ത്രീ ശാക്തീകരണത്തിന്റെ മഹനീയതയിലേക്ക് പുതിയൊരു അധ്യായമെഴുതി വടക്കാഞ്ചേരി നഗരസഭ. ഗ്രീന്‍ ആര്‍മി കാര്‍ഷിക സേനയ്ക്ക് പിന്നാലെ കെട്ടിട നിര്‍മാണമേഖലയില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് 15 ഓളം വനിതകള്‍.
തേപ്പുപലകയും കൊലരുമൊക്കെയായി രംഗത്തിറങ്ങി കഴിഞ്ഞ ഇവര്‍ തേപ്പ് ജോലിയും വീട് നിര്‍മ്മാണവുമൊക്കെ ഏറ്റെടുക്കും. അയ്യന്തോള്‍ കോസ്റ്റ് ഫോഡില്‍ നിന്നാണ് 30 ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലനം ഇവര്‍ നേടിയെടുത്തത്. ഹൗസിങ് ബോര്‍ഡിന്റെ സഹകരണത്തോടെയായിരുന്നു കുടുംബശ്രീ അംഗങ്ങളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമൊക്കെ ഉള്‍പ്പെട്ട സ്ത്രീ സേന പരിശീലനം നേടിയെടുത്തത്. നഗരസഭയുടെ സമ്പൂര്‍ണ ഭവന പദ്ധതി (ലൈഫ് മിഷന്‍) യില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നിലച്ച വീടുകളുടെ പ്രവര്‍ത്തനമാണ് ഈ വനിതാപട ആദ്യം ഏറ്റെടുത്തിട്ടുള്ളത്.
ഹോളോബ്രിക്‌സ് നിര്‍മാണത്തിലും മെഴുകുതിരി നിര്‍മിക്കുന്നതിലും ഈ വനിതകള്‍ പരിശീലനം നേടിയിട്ടുണ്ട്. പ്രവര്‍ത്തനം നേരിട്ട് കാണാന്‍ ആര്യംപാടത്തെ വീട്ടില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, കൗണ്‍സിലര്‍മാരായ മണികണ്ഠന്‍, കെ.വി ജോസ് എന്നിവരെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."