പത്മാവത് റിലീസ് ദിവസം ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ണസേന
ന്യൂഡല്‍ഹി: റിലീസ് അടുത്തിട്ടും സഞ്ചയ്‌ലീല ബന്‍സാലി ചിത്രം പത്മാവതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ജനവരി 25 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് രജ്പുത് കര്‍ണിസേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണിസേന ഭീഷണിപ്പെടുത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പലയിടത്തും കര്‍ണിസേന പ്രവര്‍ത്തകര്‍ തിയേറ്ററുകള്‍ നശിപ്പിച്ചിരുന്നു. സിനിമ രജപുത്ര പൈതൃകത്തെ കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് നാലു സംസ്ഥാനങ്ങള്‍ പത്മാവത് ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും പ്രതിഷേധം ആളിക്കത്തിയത്.
ക്രമസമാധാന നില സുരക്ഷിതമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും ഇതിന്റെ പേരില്‍ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇതിഹാസ കഥാപാത്രമായ രാജപുത്ര രാജ്ഞിയായിരുന്ന പത്മിനിയുടെ ജീവിത കഥ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ് പത്മാവത്. റാണി പത്മിനിയോട് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം. റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെത്തുടര്‍ന്നു ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കുകയായിരുന്നു. ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റംവരുത്തിയത്. നവംബറില്‍ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് വിവാദത്തെത്തുടര്‍ന്നാണ് നീണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."