മനുഷ്യ മനഃസാക്ഷിയെ നടുക്കിയ കൊല; ദുരൂഹതകള്‍ ബാക്കി
തമീം സലാം കാക്കാഴം
ആലപ്പുഴ: മകന്‍ അച്ഛനെ ചുട്ടു കൊന്ന് പുഴയിലൊഴുക്കിയ സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കൊലക്കുറ്റം മകന്‍ ഷെറിന്‍ പൊലിസിനോട് സമ്മതിച്ചെങ്കിലും മൊഴികളില്‍ നിറയെ വൈരുധ്യങ്ങളാണുള്ളത്. അച്ഛനും മകനും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചനകള്‍.
ജോയ് വി ജോണിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ഷെറിന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വെടിവച്ചു കൊന്നതിന് ശേഷം കത്തിച്ച് പമ്പയാറ്റില്‍ ഒഴുക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലിസ്. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പുറത്ത് നിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചുവെന്നാണ് പൊലിസ് കരുതുന്നത്.
പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. ആദ്യം പമ്പയാറ്റില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുക്കിയെന്ന് സമ്മതിച്ച ഇയാള്‍ പിന്നീട് കോട്ടയത്ത് ഉപേക്ഷിച്ചുവെന്നാണ് പറഞ്ഞത്. ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. എന്നാല്‍ സുപ്രധാന തെളിവുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നതെന്ന് പൊലിസ് പറയുന്നു.
ബന്ധുക്കളില്‍ നിന്നു ലഭിച്ച സൂചനകളും ഇയാളുടെ കാര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കാന്‍ സഹായകമായത്. ചെങ്ങന്നൂരില്‍ നിന്നു തിരുവല്ലയിലും പിന്നീടു കോട്ടയത്തും പോയ ഷെറിന്റെ കാര്‍ പല സ്ഥലങ്ങളിലും സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിരുന്നു.
തുടര്‍ന്ന് പൊലിസിന്റെ സ്‌പെഷല്‍ സ്‌ക്വാഡും ഷാഡോ പൊലിസും ചേര്‍ന്ന് കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഷെറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഷെറിന്‍ കുറ്റം സമ്മതിച്ചിരുന്നു. 25-ാം തിയതി ഇരുവരും കാറിന്റെ എ.സി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായതായാണ് വിവരം. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ അത് തട്ടിയെടുത്ത് താന്‍ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ നല്‍കിയ മൊഴി.
ചെങ്ങന്നൂരില്‍ ജോയ് വി ജോണിന്റെ ഉടമസ്ഥതയിലുള്ള നാലുനില കെട്ടിടത്തിന്റെ ഗോഡൗണില്‍ വച്ചാണ് കൃത്യം നടത്തിയതെന്നും 20 ലിറ്റര്‍ പെട്രോളൊഴിച്ച് കത്തിച്ചുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഇത് പൊലിസിന് സംശയത്തിന് ഇടനല്‍കുന്നു. ജോയ് വി ജോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഷെറിന്റെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഗോഡൗണില്‍ തെരച്ചില്‍ നടത്തിയ പൊലിസ് ചുവരുകളില്‍ രക്തക്കറ പുരണ്ടതായും മണ്ണെണ്ണ ഒഴിച്ച് എന്തോ കത്തിച്ചതായും കണ്ടെത്തിയിരുന്നു.
അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥിരതാമസക്കാരായ ജോയ് വി ജോണും ഭാര്യ മറിയാമ്മയും കഴിഞ്ഞ 19നാ ണ് നാട്ടില്‍ എത്തിയത്. വിമുക്തഭടനായ ജോയ് ഭാര്യ ടെക്‌സാസില്‍ നഴ്‌സായിരുന്നതിനാല്‍ അങ്ങോട്ടു താമസം മാറ്റുകയായിരുന്നു. ഇവരുടെ മൂന്നു മക്കളില്‍ രണ്ടു പേര്‍ യു.എസിലും പിടിയിലായ മകന്‍ കേരളത്തിലുമാണ് താമസിക്കുന്നത്.
ഐ.ടി വിദഗ്ധനായ ഷെറിന്‍ നേരത്തെ അമേരിക്കയില്‍ തന്നെയായിരുന്നു. പിന്നീട് നാട്ടിലെത്തിയതിന് ശേഷം ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. 2010ല്‍ ഷെറിന്റെ വിവാഹം ചെന്നൈ സ്വദേശിനിയു മായി ആര്‍ഭാടപൂര്‍വം ചെങ്ങന്നൂരില്‍ വച്ച് നടത്തി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഇവര്‍ വേര്‍പിരിഞ്ഞു. ഇതിനെ ചൊല്ലി അച്ഛനും മകനുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. കൂടാതെ സ്വത്ത് തര്‍ക്കവും രൂക്ഷമായതാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."