കോടികള്‍ തട്ടിയതില്‍ കേരളത്തിലെ വമ്പന്‍മാരും
തിരുവനന്തപുരം: വിദേശ ബാങ്കുകളെ പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ച് കോടികള്‍ തട്ടിയവരുടെ പട്ടികയില്‍ നിരവധി വമ്പന്‍മാരും.
ഇതിന് സമാനമായ കേസാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നതും. 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല ബിനോയിക്കെതിരേ നല്‍കിയിരിക്കുന്ന പരാതി.
കടം വാങ്ങിയ പണത്തിനു പുറമേ ബാങ്ക് പലിശകൂടി ചേര്‍ത്താണ് ഈ തുകയെന്ന് കമ്പനി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി ബാങ്കുകളില്‍നിന്നു തന്റെ മാനേജര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഒരുമിച്ച് കോടതിയെ സമീപിക്കുകയും ചെയ്തപ്പോഴാണ് മലയാളി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് ഹോസ്പിറ്റല്‍ വ്യവസായിയായ ഒരു മലയാളിക്ക് ഇപ്പോള്‍ ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല.
കടലാസ് കമ്പനികളുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പുനടത്തി നാട്ടിലേക്ക് മുങ്ങിയ നിരവധി വമ്പന്‍ പ്രവാസി മലയാളികള്‍ കേരളത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏജന്റുമാരുടെ സഹായത്തോടെ വ്യാജരേഖകള്‍ ഹാജരാക്കി ബാങ്കുകളില്‍നിന്നു കോടികളുടെ വായ്പയെടുത്തശേഷം നാട്ടിലേക്കു മടങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.
സ്ഥാപനങ്ങളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ മാസ്റ്റര്‍ ക്രെഡിറ്റ് ഫെസിലിറ്റി ഉപയോഗിച്ച് ബാങ്കുകള്‍ നല്‍കുന്ന ഹ്രസ്വകാല വായ്പകളിലൂടെയാണ് തട്ടിപ്പ്. സ്ഥാപനങ്ങള്‍ക്ക് വന്‍ ആസ്തിയും കമ്പോള മൂല്യവുമുണ്ടെന്നു തെളിയിക്കാന്‍ വ്യാജ രേഖകളാണ് ഹാജരാക്കിയതെന്ന് പിന്നീടാണ് ബാങ്കുകള്‍ക്ക് കണ്ടെത്താനായത്.
ഇത്തരത്തില്‍ തട്ടിപ്പു നടത്തിയവരില്‍ 90 ശതമാനവും മലയാളികളാണ്. വായ്പാ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നു ബാങ്കുകള്‍ നിയമനടപടികള്‍ തുടങ്ങിയപ്പോഴേയ്ക്കും പ്രവാസികള്‍ സ്വന്തം നാട്ടിലേക്കു കടക്കുകയായിരുന്നു.
വിദേശ ബാങ്കുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരം 1200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ (സി.ബി.സി.ഐ.ഡി ഒ.സി.ഡബ്ല്യു) ഓഫിസാണ് ദുബൈ ബാങ്ക് തട്ടിപ്പ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, വമ്പന്‍മാരുള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുന്നില്ലെന്നുമാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."