അതൃപ്തികള്‍ തീരുമാനം വൈകിപ്പിച്ചു; അന്തിമ വിജയം ഗ്രൂപ്പ് നേതാക്കള്‍ക്കുതന്നെ
തിരുവനന്തപുരം: അതൃപ്തികളും പ്രതിഷേധങ്ങളും ഉയര്‍ന്നെങ്കിലും അവസാനം ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം തന്നെയാണ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ നടപ്പിലായത്. കോണ്‍ഗ്രസ് എം.എല്‍.എമാരുമായി സംസാരിക്കാതെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസംതന്നെ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിലുള്ള പ്രതിഷേധം ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഉണ്ടായി.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതിനു ശേഷം എം.എല്‍.എമാരുടെ യോഗം വിളിക്കുന്നതില്‍ പ്രതിഷേധിച്ച് കെ. മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇതില്‍ അതൃപ്തിയറിയിച്ച് കെ. മുരളീധരന്‍ കെ.പി.സി.സി. പ്രസിഡന്റിന് കഴിഞ്ഞ ദിവസം കത്ത് നല്‍കുകയും ചെയ്തിരുന്നു. യോഗം ആരംഭിച്ചതിനു ശേഷം വി.എം. സുധീരന്‍ മുരളീധരനെ നേരിട്ടു വിളിച്ചു വരുത്തുകയായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു മുന്‍പുതന്നെ ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതില്‍ കേന്ദ്ര നിരീക്ഷകനായെത്തിയ ദീപക് ബാബറിയയും അതൃപ്തി രേഖപ്പെടുത്തി. പുതുമുഖം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രതിപക്ഷനേതാവുമായി വരുന്നതല്ലേ നല്ലതെന്ന ചോദ്യവും ബാബറിയ ചോദിച്ചു. യുവ എം.എല്‍.എമാരില്‍ ചിലരും പുതിയൊരാള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന നിലപാടാണ് കൈക്കൊണ്ടത്. ഇതോടെയാണ് രാവിലെ ആരംഭിച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സങ്കീര്‍ണമായത്. തുടര്‍ന്ന് അഭിപ്രായം അറിയാന്‍ ഓരോ എം.എല്‍.എമാരെയായി നേതാക്കള്‍ വിളിക്കുകയായിരുന്നു. എം.എല്‍.എമാര്‍ അഭിപ്രായം അറിയിച്ചു കഴിഞ്ഞശേഷം വീണ്ടും പാര്‍ലമെന്ററിപാര്‍ട്ടി യോഗം ചേര്‍ന്നു. തുടര്‍ന്നാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേരിലേക്കുതന്നെ എത്തിയത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനുള്ള ഭൂരിപക്ഷവും ചെന്നിത്തലയുടെ സ്ഥാനലബ്ധിക്ക് അടിസ്ഥാനമായി. ഇതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ മറ്റൊരു വിജയംകൂടിയാണ് ഇന്നലെ ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."