നാസ വീണ്ടും ചന്ദ്രനിലേക്ക്
ചന്ദ്രനിലേക്ക് വീണ്ടും യാത്രികരെ അയക്കാനൊരുങ്ങുകയാണ് നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ഇതിനുള്ള സൂചന നല്‍കിയത്. നാസ ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ചന്ദ്രനിലെവിടെ ഇറങ്ങണമെന്ന കാര്യത്തിലും ഗവേഷണം പുരോഗമിക്കുകയാണ്. ഗവേഷണത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് നേരത്തെ അയച്ച പേടകങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിക്കുന്നു. ഈ പരിശോധനക്കിടെയാണ് ചന്ദ്രനില്‍ തുരങ്കങ്ങളിലേക്കുള്ള വഴികാട്ടിയെന്നവണ്ണം നിര്‍ണായക കാഴ്ചകള്‍ ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുരങ്കത്തിനുള്ളില്‍ തണുത്തുറഞ്ഞ ജലമായിരിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. നിഗമനം ശരിയായെങ്കില്‍ ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന കാര്യത്തിന് വ്യക്തമായ ഉത്തരമായിരിക്കും ലഭിക്കുക. നാസയുടെ ലുണാര്‍ റികോണസെന്‍സ് ഓര്‍ബിറ്ററില്‍ നിന്നും ലഭിച്ച ചിത്രങ്ങളാണ് പരിശോധിച്ചത്.
ചന്ദ്രന്റെ വടക്കന്‍ ധ്രുവത്തില്‍ നിന്നും 550 കിലോമീറ്ററോളം മാറിയാണ് വിള്ളല്‍ ദൃശ്യമായത്. 70 കിലോമീറ്ററോളം വിസ്താരമുള്ള ഈ പ്രദേശത്ത് ചെറുകുഴികള്‍ പോലുള്ള നിഴല്‍ ദൃശ്യങ്ങളാണ് ഗവേഷകരുടെ കണ്ണില്‍പ്പെട്ടത്. നിഴല്‍ പ്രദേശം കൂടിയ ഇടമാണ് ഇവിടം.
അതിനാല്‍ തന്നെയാണ് തണുത്തുറഞ്ഞ ജലത്തിന് സാധ്യതയേറുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ദ്വാരങ്ങളുടെ വിസ്താരം ഏകദേശം 15 മുതല്‍ 30 മീറ്റര്‍ വരെയാണ്. ഒന്നുകില്‍ ഇത് വെളിച്ചം സൃഷ്ടിച്ച നിഴല്‍രൂപങ്ങളായിരിക്കാമെന്നും നാസ സംശയിക്കുന്നു.
തുരങ്കത്തില്‍ ഐസിന്റെ സാന്നിധ്യത്തിന് ഏറെ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഇരുന്നൂറോളം കുഴികള്‍ കണ്ടെത്തിയിട്ടുണ്ട്. ഗവേഷകരുടെ നിഗമനം ശരിയാണെങ്കില്‍ ചന്ദ്രനിലെ ജലസാന്നിധ്യത്തിനു പുറമെ ചന്ദ്രന്റെ രൂപീകരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."