അതും സംഭവിച്ചു! നായയെ കടിച്ചയാള്‍ യു.എസില്‍ അറസ്റ്റില്‍
വാഷിങ്ടണ്‍: എന്താണ് വാര്‍ത്തയെന്ന ചോദ്യത്തിന് സാധാരണ ഉദാഹരണ സഹിതം പറഞ്ഞു കൊടുക്കല്‍ ഇങ്ങനെയാണ്, നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, എന്നാല്‍ മനുഷ്യന് നായയെ കടിച്ചാല്‍ വാര്‍ത്തയാണ്. ഈ ഉദാഹരണം യാഥാര്‍ഥ്യമായി അമേരിക്കയില്‍ സംഭവിച്ചു. അതും കടിച്ചത് കേവലം നായയെ അല്ല, പൊലിസ് നായയെയാണ്. പൊലിസ് നായയെ കടിച്ചതിന് ന്യൂ ഹാംഷിറില് നിന്ന് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്യാനായി ഞായറാഴ്ച ബോസ്കാവിന് എന്ന റസിഡന്‍സ് ഏരിയയില്‍ പൊലിസ് എത്തിയപ്പോഴാണ് സംഭവം. വസ്ത്രങ്ങളുടെ ഇടയില്‍ ഒളിച്ചിരുന്ന ഇദ്ദേഹത്തെ പൊലിസ് നായ കണ്ടെത്തി. ഒടുവില്‍ രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായതോടെ പൊലിസ് നായയുടെ കഴുത്ത് ചുറ്റിപ്പിടിച്ച് തലയില്‍ കടിക്കുകയായിരുന്നു.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് അറസ്റ്റു വാറന്ഡുണ്ടായിരുന്നുവെന്നും ഇവരില്‍ ഒരാളാണ് നായയെ കടിച്ചതെന്നും പൊലിസ് പറഞ്ഞു. വേദ എന്ന പേരുള്ള നായക്കാണ് കടിയേറ്റത്. അറസ്റ്റ് ചെയ്യുന്നതിന് തടസം നില്ക്കുക, പൊലിസ് നായയെ അക്രമിക്കുക എന്നീ കുറ്റങ്ങള്‍ ഇദ്ദേഹത്തിനെതിരേ ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."