പ്രതീക്ഷയോടെ പൊരുതുന്നു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 42 റണ്‍സ് ലീഡ്
ജൊഹന്നാസ്ബര്‍ഗ്: തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 42 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സില്‍ പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 194 റണ്‍സില്‍ അവസാനിപ്പിച്ച് ഏഴ് റണ്‍സിന്റെ നേരിയ ലീഡ് മാത്രം വഴങ്ങി. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയില്‍ പൊരുതുന്നു. ഒന്‍പത് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് 42 റണ്‍സ് ലീഡ്. കെ.എല്‍ രാഹുലിന് പകരം ഓപണറായി സ്ഥാനം കയറിയെത്തിയ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലാണ് പുറത്തായ ബാറ്റ്‌സ്മാന്‍. മൂന്ന് ഫോറുകള്‍ സഹിതം 15 പന്തില്‍ 16 റണ്‍സുമായി മിന്നല്‍ ബാറ്റിങ് നടത്തിയ പട്ടേലിന് പക്ഷേ പെട്ടന്ന് മടങ്ങാനായിരുന്നു യോഗം. കളി നിര്‍ത്തുമ്പോള്‍ സഹ ഓപണര്‍ മുരളി വിജയ് (13), കെ.എല്‍ രാഹുല്‍ (16) എന്നിവരാണ് ക്രീസില്‍. ഫിലാന്‍ഡറാണ് പട്ടേലിനെ പുറത്താക്കിയത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സുമായി രണ്ടാം ദിനം തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ടെസ്റ്റിലെ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടമാഘോഷിച്ച ജസ്പ്രിത് ബുമ്‌റയുടെ മാരക ബൗളിങ് വെട്ടിലാക്കി. മൂന്ന് വിക്കറ്റുകള്‍ പിഴുത് ഭുവനേശ്വര്‍ കുമാറും തിളങ്ങിയതോടെ അവരുടെ സ്‌കോര്‍ 200 കടന്നില്ല. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഡീന്‍ എല്‍ഗാറിനെ ആതിഥേയര്‍ക്ക് നഷ്ടമായി. നാല് റണ്‍സാണ് താരമെടുത്തത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാത്രി കാവല്‍ക്കാരന്‍ റാബഡയ്ക്ക് കൂട്ടായി ഹാഷിം അംല എത്തിയതോടെ ദക്ഷിണാഫ്രിക്ക ട്രാക്കിലായി. മികച്ച ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 80ല്‍ എത്തിയപ്പോള്‍ റബാഡയെ പുറത്താക്കി ഇഷാന്ത് ശര്‍മ ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മികച്ച ബാറ്റ്‌സ്മാന്‍മാരായ ഡിവില്ല്യേഴ്‌സ് (അഞ്ച്), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (എട്ട്), ക്വിന്റന്‍ ഡി കോക്ക് (എട്ട്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കി. ക്വിന്റന്‍ കോക്ക് ആറാം വിക്കറ്റായി മടങ്ങുമ്പോള്‍ അവരുടെ സ്‌കോര്‍ 125ലേ എത്തിയിരുന്നുള്ളു. എന്നാല്‍ ഒരറ്റത്ത് അംല പിടിച്ചുനിന്നത് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. എട്ടാമനായി ക്രീസിലെത്തിയ ഫിലാന്‍ഡറും ഇന്ത്യന്‍ ബൗളിങിനെ സമര്‍ഥമായി നേരിട്ടതോടെ അവര്‍ വീണ്ടും കളിയിലേക്ക് തിരിച്ചെത്തി. അംല- ഫിലാന്‍ഡര്‍ സഖ്യം ഏഴാം വിക്കറ്റില്‍ 44 റണ്‍സ് ചേര്‍ത്തു. 55 പന്തില്‍ 35 റണ്‍സാണ് ഫിലാന്‍ഡര്‍ അടിച്ചെടുത്തത്. പിന്നീട് ഏഴാം വിക്കറ്റായി അംലയും മടങ്ങി. 121 പന്തുകള്‍ നേരിട്ട് ഏഴ് ഫോറിന്റെ അകമ്പടിയോടെ അംല 61 റണ്‍സെടുത്തു.
ബുമ്‌റയാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കിയത്. തൊട്ടുപിന്നാലെ ഫിലാന്‍ഡറും പുറത്താകുമ്പോള്‍ ആതിഥേയ സ്‌കോര്‍ 175 റണ്‍സായിരുന്നു. എന്നാല്‍ ഫെലുക്വായോ, മോര്‍ക്കല്‍ എന്നിവര്‍ ഒന്‍പത് വീതം റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ലീഡ് സമ്മാനിച്ചു. മോര്‍ക്കല്‍ പുറത്താകാതെ നിന്നു. അവസാനം ഇറങ്ങിയെ എന്‍ഗിഡിയെ വീഴ്ത്തി ബുമ്‌റ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 54 റണ്‍സ് വഴങ്ങിയാണ് കരിയറിലെ മൂന്നാം ടെസ്റ്റിനിറങ്ങിയ ബുമ്‌റ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഇന്ത്യ ഇന്ന് പൊരുതി നിന്നാല്‍ നേരിയ പ്രതീക്ഷ നിലനില്‍ക്കുന്നു. പൊരുതാകുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി ബൗളിങ് മികവില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി ആശ്വാസ വിജയം സ്വന്തമാക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നിലുണ്ട്. ബാറ്റിങ് നിര അവസരം മുതലാക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."