ഭിന്നലിംഗക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് സ്‌നേഹസംഗമം നടത്തി
നിലമ്പൂര്‍: ജില്ലാപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്കായി നിലമ്പൂരില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം ഭിന്നലിംഗക്കാര്‍ പങ്കെടുത്തു. ഫാഷന്‍ പരേഡ് ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും അരങ്ങേറി.
സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയില്‍ മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്. ഫാഷന്‍ പരേഡില്‍ അജിനാസ് (വയനാട്), റിയ (മലപ്പുറം), നിയ (കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇവര്‍ക്കുള്ള ഫണ്ട് നല്‍കുന്നത്. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പരിപാടികളെങ്കിലും ഫണ്ടൊന്നും നീക്കിവച്ചിട്ടില്ല. ഇതിലുള്ള പ്രതിഷേധവും മത്സരാര്‍ഥികള്‍ പരിപാടിക്കിടെ അറിയിച്ചത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് നിലമ്പൂര്‍ പൊലിസെത്തിയാണ് പരിപാടികള്‍ തുടര്‍ന്നത്.
അതേസമയം, സ്‌നേഹസംഗമത്തില്‍ സംഘാടകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഭിന്നലിംഗക്കാര്‍ രംഗത്തുവന്നു. തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സി.ബി.ഒയുടെ ചുമതലപ്പെട്ടവരോ ഇവരുടെ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച പി.ഒമാരോ തിരിഞ്ഞുനോക്കിയില്ല. നിലമ്പൂരില്‍ തന്നെ മൂന്ന് പി.ഒമാരാണുള്ളത്. തങ്ങള്‍ക്കു കുടിക്കാന്‍ നല്‍കിയ വെള്ളത്തില്‍പോലും പക്ഷഭേദം കാണിച്ചെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു സംഘാടകര്‍ അറിയിച്ചു. സ്‌നേഹസംഗമത്തിന് ഫണ്ടായി ലഭിച്ചത് അയ്യായിരം മാത്രമാണ്. ഇതില്‍ മൂവായിരം വാടകയായും ആയിരത്തിഅഞ്ഞൂറ് സൗണ്ട് സിസ്റ്റത്തിനും ക്ലീനിങ്ങിന് അഞ്ഞൂറ് രൂപയും ചെലവായി. നഗരസഭാ ചെയര്‍പേഴ്‌സണെയടക്കം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കൃത്യസമയത്ത് തുടങ്ങാന്‍ കഴിയാത്തതിനാല്‍ അവര്‍ക്ക് പങ്കെടുക്കാനായില്ലെന്നും ജില്ലാപഞ്ചായത്ത് പ്രൊജക്ട് എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചിരുന്നെന്നും ആരും എത്താതിരുന്നതിനാലാണ് സംഗമവുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ മാറ്റിവയ്‌ക്കേണ്ടിവന്നതെന്നും സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."