ഭക്തിസാന്ദ്രമായി പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് സമാപിച്ചു
ഇസ്മാഈല്‍ അരിമ്പ്ര
പൂക്കോട്ടൂര്‍(മലപ്പുറം): വിശുദ്ധ ഹജ്ജിന്റെ ആത്മീയാനുഭൂതിയും അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കി പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു ഉജ്വല സമാപ്തി. ഹജ്ജ് അറിവുകളും ആരാധനയുടെ പൊരുളുകളും നുകര്‍ന്നു ഇനി വിശുദ്ധഭൂമിയിലേക്ക്. പതിനായിരത്തോളം ഹാജിമാര്‍ക്ക് ഹജ്ജ് ജ്ഞാനം പകര്‍ന്നു നല്‍കിയ ക്യാംപ് പ്രാര്‍ഥനാ സംഗമത്തോടെയാണ് സമാപിച്ചത്. രണ്ടുദിവസങ്ങളിലായി പ്രമുഖ വാഗ്മിയും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂരാണ് ദ്വിദിന ക്യാംപിനു നേതൃത്വം നല്‍കിയത്.
സമാപന ദിവസമായ ഇന്നലെ ഇ.അഹ്്മദ്എം.പി ഉദ്ഘാടനം ചെയ്തു. പുണ്യമേറിയ ഹജ്ജ് കര്‍മ്മത്തിലൂടെ അതിവിശിഷ്ഠമായ ശ്രേഷ്ഠതകളാണ് കൈവരിക്കാനാവുന്നതെന്നും ദേശ,ഭാഷാ വ്യത്യാസമന്യേ ത്യാഗസ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ആരധനാകര്‍മ്മമാണ് ഹജ്ജെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര സാഹോദര്യവും ക്ഷമാശീലവും കാത്തുസൂക്ഷിക്കണമെന്നും ഹജ്ജ് വേളകളെ പ്രാര്‍ത്ഥനാ പൂര്‍വം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചനാഥനിലേക്ക് എല്ലാം സമര്‍പ്പിക്കുകയെന്ന ആത്മീയാനുഭൂതിയാണ് ഹജ്ജിലൂടെ കൈവരിക്കാനുളളതെന്നും കര്‍മ്മങ്ങള്‍ സൂക്ഷമതയോടെയും ആത്മാര്‍ഥതയോടെയും നിര്‍വഹിക്കണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു.
മുസ്്‌ലിംലോകത്തിന്റെ വിമോചനത്തിനും വേദനയനുഭവിക്കുന്ന സമൂഹത്തിന്റെ രക്ഷയ്ക്കുമായിപ്രാര്‍ഥന നടത്തണമെന്നും അദ്ദേഹം ഹാജിമാരോട് ആഹ്വാനം ചെയ്തു. ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കുന്നതിനു പ്രതിജ്ഞാബന്ധമാണെന്നു ക്യാംപ് സന്ദര്‍ശിച്ച സംസ്ഥാന ഹജ്ജ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.
ഹാജിമാര്‍ക്ക് അറിവു പകര്‍ന്നു നല്‍കുന്നതില്‍ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ക്യാംപിനോടനുബന്ധിച്ചു സുപ്രഭാതം ദിനപത്രം പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ മുജീബ് കൊടക്കാടനു നല്‍കി പ്രകാശനം ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എം.പി സംസാരിച്ചു. എസ്.കെ.ഹംസ ഹാജി, മലയില്‍ മുഹമ്മദ് ഗദ്ദാഫി,സിദ്ദീഖ് ഫൈസി വാളക്കുളം, കെ. മുഹമ്മദുണ്ണി ഹാജി, എ.എം കുഞ്ഞാന്‍, കെ.പി ഉണ്ണീതു ഹാജി, കെ.എം അക്ബര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."