കാക്കയുടെ ഇറച്ചി
മരത്തിന്റെ മുകളില്‍ ഇരിക്കുന്ന കാക്കയുടെ കൈയില്‍നിന്നു വീണ ഇറച്ചി കഷണം ഉമ്മ ധൃതിയില്‍ എടുക്കുമ്പോള്‍ അയല്‍പക്കത്തേക്കു തലചെരിച്ചു നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ മരകൊമ്പില്‍നിന്നു താഴേക്കു പറന്നിറങ്ങിയ കാക്ക ഉമ്മയുടെ തലയ്ക്കു ചുറ്റും വട്ടംകറങ്ങി ഇറച്ചിക്കഷണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ നിലത്തുനിന്ന് മരക്കഷണം എടുത്തു ചുറ്റും വീശി 'പോ കാക്കേ.. പോ കാക്കേ' എന്ന് പറഞ്ഞ് അടുക്കളയിലേക്ക് ഓടിക്കയറുമ്പോള്‍ ഞാന്‍ മണ്ണുപുട്ട് ചുടുകയായിരുന്നു.
നിലത്തുനിന്നു മണ്ണ് മാന്തിയെടുത്ത് ചിരട്ടയിലിട്ട് അമര്‍ത്തി കമഴ്ത്തി വച്ചപ്പോള്‍ ചിരട്ട പുട്ടുണ്ടായി, അങ്ങനെ കുറെ പുട്ടുകള്‍ അടുക്കളപ്പുറത്ത് നിരത്തിവച്ചു.
ചട്ടിയിലിട്ട ഇറച്ചികഷണവുമായി കുളിമുറിയില്‍ കയറുന്നതിനിടയില്‍ കാക്കയെ പോലെ തലചരിച്ച് എന്നെ നോക്കി നിന്റെ പുട്ടിനു കൂട്ടാന്‍ ഇറച്ചി കറി ഞാനുണ്ടാക്കി തരാമെന്നു ചിരിയോടെ ഉമ്മ പറഞ്ഞു. കിണറില്‍ തൊട്ടിയിട്ട് കോരിയെടുത്ത വെള്ളം ചട്ടിയിലൊഴിച്ച് വിരലു കൊണ്ട് ഇറച്ചിയില്‍ പുരണ്ട മണ്ണ് ചുരണ്ടി വൃത്തിയാക്കി അടുക്കളയിലേക്കു കയറി നിലത്തു വച്ച മരപ്പലകയില്‍ ഉമ്മ ഇരുന്നു. അടുപ്പിനു താഴെ ചുമരിന്റെ അരികില്‍ വച്ച അരിവാളെടുത്ത് മലര്‍ത്തി വച്ച് മരപ്പിടിയില്‍ കാലമര്‍ത്തി ചട്ടിയില്‍നിന്ന് ഇറച്ചി കഷണം എടുത്ത് കഷണം കഷണങ്ങളാക്കി താളത്തോടെ മുറിക്കാന്‍ തുടങ്ങി.
അടുപ്പിനു മുകളില്‍ ചട്ടി വച്ചു.
അടുക്കളപ്പുറത്തേക്കിറങ്ങി ഉണങ്ങിയ മരക്കൊമ്പ് പൊട്ടിച്ച് കഷണങ്ങളാക്കി എന്റെ ചിരട്ട എടുത്തു നിലത്തടിച്ചു മണ്ണ് കളഞ്ഞ ശേഷം ഉമ്മ അടുക്കളയിലേക്ക് കയറി.
അടുപ്പിനകത്ത് വിലങ്ങനെയും കുറുകെയും ചുള്ളി കൊമ്പ് വച്ചശേഷം കടലാസ് ചുരുട്ടി മൂലയില്‍ കത്തുന്ന ചിമ്മിനിക്കൂടില്‍നിന്ന് കടലാസില്‍ തീ പിടിപ്പിച്ച്, ചുള്ളിക്കൊമ്പിനിടയില്‍ തീ തിരുകിവച്ചു. അടുപ്പ് കത്തിയില്ല. തല നീട്ടി അടുപ്പിലേക്കു നോക്കിയപ്പോള്‍ കട്ട പുക ഉമ്മയുടെ കണ്ണിലും മൂക്കിലും വായിലും കയറി. ഉമ്മ കുരക്കുകയാണ്, കണ്ണുകള്‍ പൂട്ടി ഊതി ഊതി അടുപ്പ് കത്തിച്ചു. ആളിക്കത്തുന്ന അടുപ്പില്‍ എന്റെ ചിരട്ട കമിഴ്ത്തി വച്ചപ്പോള്‍ സീല്‍ക്കാരം കനത്തു.
അപ്പോഴും മരക്കൊമ്പില്‍നിന്ന് അടുക്കള നോക്കി കാക്ക കരയുന്നുണ്ടായിരുന്നു. ചട്ടിയില്‍ ഒഴിക്കാന്‍ വെളിച്ചെണ്ണ കുപ്പി എടുത്തപ്പോഴാണ് എണ്ണ ഇല്ലാത്ത കാര്യം ഉമ്മ അറിഞ്ഞത്. അടുപ്പിന്റെ മുകളില്‍നിന്ന് ചട്ടി എടുത്ത് പുറത്തുവച്ചു. അടുപ്പ് കെടുത്തി, അമ്മിക്കല്ലിന്റെ അരികില്‍നിന്ന് ചെറിയ കുപ്പി എടുത്ത് എന്റെ കൈയില്‍ തന്ന് സൈനീത്തയുടെ പുരക്കുപോയി കുറച്ചു വെളിച്ചെണ്ണ വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു. ബീബീത്താന്റെയും ആസീത്താന്റെയും കൗസുയേടത്തിയുടെയും വാര്യരുടെയും അടുക്കളപ്പുറത്തൂടെ നടന്ന്, സൈനീത്തയുടെ കിടങ്ങു മറിഞ്ഞു കയറി വാഴത്തോപ്പിലൂടെ നടന്നു തുറന്നിട്ട അടുക്കള വാതിലില്‍ തൂങ്ങിപ്പിടിച്ച് അകത്തേക്കു നോക്കുമ്പോള്‍ സൈനീത്തയുടെ മോള് സോഫിയ എന്നെ കണ്ടു.
എന്റെ അടുത്തേക്ക് വന്നു 'എന്തെ' എന്നു ചോദിച്ചു.
''കുറച്ച് വെളിച്ചെണ്ണ തരാന്‍ ഉമ്മ പറഞ്ഞ് ''-ഞാന്‍ സോഫിയയോട് പറഞ്ഞു.
മസാലയുടെയും പൊരിച്ചതിന്റെയും മണമുള്ള അടുക്കളയിലൂടെ സോഫിയ നടന്നുപോയി സൈനീത്തയോടു കാര്യം പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആകാശച്ചിരിയോടെ വെളിച്ചെണ്ണ കുപ്പിയുമായി സൈനീത്ത നടന്നുവന്നു.
''നീയെന്താടാ മീന്‍തല വാങ്ങാന്‍ വരാത്തത് ''-എന്റെ തലമുടികള്‍ക്കിടയില്‍ വിരലോടിച്ചു കൊണ്ട് സൈനീത്ത ചോദിച്ചു.
സൈനീത്തയുടെ ഭര്‍ത്താവിന് തൊക്കിയങ്ങാടിയില്‍ ഹോട്ടലുണ്ട്. അല്‍അമാല്‍ ഹോട്ടലില്‍ മത്തിയും അയലയും അയക്കൂറയും ചെമ്മീനും മുറിക്കുന്നത് സൈനീത്തയുടെ അടുക്കളയില്‍നിന്നാണ്. കുറച്ചു മീന്‍തല എന്റുമ്മാക്ക് സൈനീത്ത മാറ്റിവയ്ക്കാറുണ്ട്.
''മീന്‍തല തിന്നുന്നത് നാണക്കേടായോ''-സൈനീത്ത ചോദിച്ചു.
''അതല്ല''
''പിന്നെ?''
''മീന്‍തലയും വാങ്ങി പുരയിലേക്കു നടക്കുമ്പോള്‍ ''മീന്‍തല വേണോ'' എന്നു പറഞ്ഞ് കൗസുയേടത്തിയും വാര്യരും കളിയാക്കും. ഉമ്മയും ആസീത്തയും തമ്മില്‍ കലമ്പല്‍ ഉണ്ടായപ്പോള്‍ സൈനീത്തയുടെ മീന്‍തല തിന്നതിന്റെ പുത്തിയല്ലേ നിനക്കും മക്കള്‍ക്കും എന്നു പറഞ്ഞു. അന്ന് ഉമ്മ ഞങ്ങളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതുകൊണ്ടാ വരാത്തത്.''
സൈനീത്ത എന്നെ നോക്കി ഒന്നും പറയാതെ കുറേസമയം നിന്ന ശേഷം നീ അവിടെ നില്‍ക്ക് എന്നു പറഞ്ഞ് അകത്തേക്കു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഉമ്മാക്കു കൊടുത്തെ എന്നു പറഞ്ഞു പത്തുറുപ്പിക തന്നു, ഒരു മിഠായി എനിക്കും. പൊതി പൊളിച്ച് അന്നേരം തന്നെ ഞാന്‍ മിഠായി തിന്നു.
സൈനീത്ത തന്ന വെളിച്ചെണ്ണയും ഉറുപ്പികയും ഉമ്മാക്കു കൊടുത്തശേഷം വരാന്തയില്‍ ഇറങ്ങുമ്പോഴാണ് 'കൈ നോക്കാനുണ്ടോ'എന്നു ചോദിച്ചു കുറത്തി വന്നത്. ചുകന്ന സാരി ഉടുത്ത്, നെറ്റിയില്‍ വിയര്‍പ്പ് ഉരുണ്ടുകിടക്കുന്ന തടിച്ച ഇരുണ്ട നിറമുള്ള കുറത്തിയുടെ ചുമലില്‍ തൂക്കിയിട്ടിരിക്കുന്ന തത്ത പെട്ടി നിലത്തു വച്ചു. കൂടിന്റെ അകത്തേക്കു ഞാന്‍ കൈനീട്ടിയപ്പോള്‍ വിരലില്‍ തത്ത കൊക്കുരുമ്മി.
''ഉമ്മാ..''-കുറത്തി നീട്ടിവിളിച്ചു.
അകത്തുനിന്നു തലനീട്ടി ഉമ്മ പുറത്തേക്കു നോക്കി.
''കൈനോക്കി ലക്ഷണം പറയാം. ഉമ്മയുടെ മുഖം കാണുമ്പോള്‍ എന്തൊക്കെയോ പറയാനുണ്ട്. ഉമ്മ ഇവിടെ ഇരിക്ക്. ഇന്നത്തെ കാര്യവും നാളത്തെ കാര്യവും പറഞ്ഞുതരാം..''
അങ്ങനെ കുറത്തി പറഞ്ഞപ്പോള്‍ ഉമ്മയുടെ മുഖം ദേഷ്യം കൊണ്ടു ചുകന്നു.
''അടുപ്പില്‍ ചേര കിടക്കുമ്പോഴാ ഓളുടെ ലക്ഷണം പറയല്‍. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ പൊയ്‌ക്കോ''
അങ്ങനെ പറഞ്ഞുകൊണ്ട് ഉമ്മയുടെ തല അടുക്കളയിലേക്കു വലിഞ്ഞു.
''മോന്റെ ഫലം പറഞ്ഞുതരാം..''
അങ്ങനെ കുറത്തി പറഞ്ഞപ്പോള്‍ ഞാന്‍ കൈനീട്ടി. എന്റെ കൈപ്പത്തി പിടിച്ചു തിരിച്ചും മറിച്ചും നോക്കി. തുണിയില്‍ പൊതിഞ്ഞ ശീട്ട് നിലത്തേക്കിട്ട് കൂടു തുറന്നു. പുറത്തേക്കിറങ്ങിയ തത്ത ശീട്ടുകളില്‍നിന്ന് ഒരെണ്ണം കൊത്തിയെടുത്തു. തത്തയുടെ കൊക്കില്‍നിന്ന് ശീട്ട് വാങ്ങി തുറന്നു കൊണ്ട് എന്നെ നോക്കി കുറത്തി ചിരിച്ചു.
തത്ത കൂട്ടില്‍ കയറി. കൂട് അടച്ചു.
''മോന് നല്ല നാളുകളാ ഇനി വരാന്‍ പോകുന്നത്. പത്താം ക്ലാസ് കഴിഞ്ഞാല്‍ ഉദ്യോഗം കിട്ടും. കടല്‍ കടക്കാന്‍ യോഗം കാണുന്നുണ്ട്.''
ബാക്കി പറയുമ്പോഴേക്കും അകത്തുനിന്ന് ഉമ്മയുടെ തല നീണ്ടുവന്നു.
''കുറത്തി പോയിട്ടില്ലേ.. ചെക്കന്റെ ഫലം എനിക്കറിയാം. എന്റെ മോനായിട്ടു ജനിച്ചതാ ഓന്റെ തെറ്റ് ''-ഉമ്മ പറഞ്ഞു.
കുറത്തി എന്റെ കൈവിട്ട് തല ഉയര്‍ത്തി ഉമ്മയെ നോക്കി, ശീട്ടുകള്‍ ഒതുക്കിവച്ച ശേഷം സഞ്ചിയിലിട്ട്, തത്തക്കൂട് എടുത്ത് ചുമലിലിട്ട് ഇറങ്ങി പോകുന്നതും നോക്കി ഞാന്‍ നിന്നു.
''പോയി കുളിക്കെടാ ചെക്കനേ നാറുന്ന് ''- എന്റെ ചെവി പിടിച്ച് ഞരടിക്കൊണ്ട് കുളിമുറിയില്‍ തള്ളി ഉമ്മ പറഞ്ഞു.
ട്രൗസര്‍ അഴിച്ച് കാലുകൊണ്ട് ഒരു മൂലയ്ക്ക് എറിഞ്ഞു. തൊട്ടി കിണറിലിട്ട് കോരിയെടുത്ത വെള്ളം തലയിലൂടെ ഒഴിച്ചു. അങ്ങനെ തൊട്ടി പലപ്രാവശ്യം കിണറില്‍ കയറിയിറങ്ങി. തല തുടച്ച് കുളിമുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അടുക്കളയില്‍നിന്ന് ഇറച്ചിക്കറിയുടെ മണം മൂക്കില്‍ കയറി. വായില്‍ വെള്ളം ഊറി. അടുക്കളയില്‍നിന്ന് ഇറച്ചിക്കറി കൂട്ടി ഗോതമ്പ് ദോശ തിന്നുന്ന ഇക്കയെ കണ്ടു.
''ഇക്ക എപ്പഴാ വന്നത്?''
''ഇപ്പഴ് ''
ഇക്ക യതീംഖാനയിലാണ് താമസിച്ചുപഠിക്കുന്നത്.
''അടുത്താഴ്ച നോമ്പല്ലേ.. ഇനി പെരുന്നാള്‍ കഴിഞ്ഞിട്ടേ പോകേണ്ടൂ...''
ഞാന്‍ ഇക്കയെ നോക്കി ചിരിച്ചു.
''നീ ഇരിക്ക്. ഇറച്ചിക്കറിക്ക് നല്ല സ്വാദുണ്ട്..''
ഇക്കയുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന്, ഇക്കയുടെ പാത്രത്തില്‍നിന്ന് ദോശ മുറിച്ചെടുത്തു കറിയില്‍ മുക്കി വായിലിട്ടു ചവച്ചു.. അതെ നല്ല രസമുണ്ട്.
ഇറച്ചികഷണം എടുത്ത് വായിലിട്ട് ചവക്കുമ്പോഴാണ് ഇക്ക ചോദിച്ചത്-
''എവിടെ നിന്നാ ഇറച്ചിക്കറി കിട്ടിയത്.. സൈനീത്ത തന്നതാണോ...?''
മറുപടി പറയാതെ ഉമ്മ എന്നെ നോക്കി. കാക്കയുടെ കൈയില്‍നിന്നു വീണ ഇറച്ചിയെക്കുറിച്ച് അപ്പോഴാണ് ഓര്‍മ വന്നത്. വായില്‍ കിടക്കുന്ന ഇറച്ചി വിറങ്ങലിച്ചു. കാക്കയുടെ കൈയില്‍നിന്നു വീണ ഇറച്ചി ചിലപ്പോള്‍ കുറുക്കന്റേതാകാം, പൂച്ചയുടേതാകാം, നായയുടേതാകാം.
അപ്പോഴാണ് അടുക്കളപ്പുറത്തുനിന്ന് കാക്കകള്‍ കരയുന്നതു കേട്ടത്. എല്ലാ കാക്കകളും ഞങ്ങളുടെ അടുക്കള നോക്കി ഉറക്കെ കരയുകയാണ്.
കാ..കാ..കാ... കാ..കാ..കാ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."