ശശീന്ദ്രന്റെ മന്ത്രിപദം: എല്‍.ഡി.എഫില്‍ പച്ചക്കൊടി
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും തിരികെയെത്തുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ അറിയിച്ചു. കേസില്‍ കുറ്റവിമുക്തനായതോടെ എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. ശശീന്ദ്രനും മുഖ്യമന്ത്രിയും തമ്മില്‍ ഫോണില്‍ സംസാരിച്ചു. ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി നേതൃത്വം ആവശ്യപ്പെട്ടാല്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ശശീന്ദ്രനെ അറിയിച്ചു. ഫോണ്‍കെണി കേസ് കോടതി അവസാനിപ്പിച്ചതോടെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ തടസമില്ലെന്നും ഇക്കാര്യം എന്‍.സി.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
അതേസമയം, കോടതി കുറ്റവിമുക്തനാക്കിയ എ.കെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ സി.പി.ഐക്ക് എതിരഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അതേസമയം, ശശീന്ദ്രന് മടങ്ങിവരാന്‍ ധാര്‍മ്മിക അവകാശമുണ്ടോയെന്ന് എല്‍.ഡി.എഫ് തീരുമാനിക്കട്ടെയെന്ന്് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് പിണറായി മന്ത്രി സഭയിലേക്കുള്ള ശശീന്ദ്രന്റെ രണ്ടാം വരവിന് കളമൊരുങ്ങുന്നത്. പകരക്കാരനായി തോമസ്ചാണ്ടി വന്നെങ്കിലും കായല്‍കൈയേറ്റ വിവാദത്തില്‍പെട്ട് ആറു മാസത്തിനുള്ളില്‍ പടിയിറങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."