ജില്ലാ ബാങ്കുകളെ വിഴുങ്ങാന്‍ കേരള ബാങ്ക്
തൊടുപുഴ: കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ ബാങ്കുകളെ വരുതിയിലാക്കാന്‍ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ നീക്കം. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുമായി ലയനം നടത്തണമെങ്കില്‍ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ ബോഡി യോഗം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം.
ഇപ്പോള്‍ ജില്ലാ ബാങ്കുകളില്‍ അതത് ജില്ലകളിലെ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍മാരാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍. ജനറല്‍ ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പില്ലാത്തതിനാല്‍ സര്‍ക്കാര്‍ നോമിനികളായ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഇപ്പോള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. ഏതെങ്കിലും ജില്ലാ ബാങ്കിന്റെ ജനറല്‍ ബോഡി യോഗം കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് ബാങ്കില്‍ ലയനം നടത്തണമെന്നാവശ്യപ്പെട്ട് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തീരുമാനമെടുത്തിട്ടുണ്ടോ എന്ന് സി. മമ്മൂട്ടി എം.എല്‍.എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ഇല്ല എന്ന മറുപടിയാണ് വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്.
ഏപ്രില്‍ ഒന്‍പതിന് നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയാകും. സഹകരണ നിയമത്തിലെ വകുപ്പ് 33 പ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തിനു പുറമെ ഗസറ്റഡ് നോട്ടിഫിക്കേഷനിലൂടെ സര്‍ക്കാരിനു ഒരു വര്‍ഷം കൂടി നീട്ടാവുന്നതാണ്. പ്രമേയം വന്നാല്‍ 14 ജില്ലാ ബാങ്കുകളില്‍ ഒന്‍പത് ഇടത്തുമാത്രമാണ് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയുള്ളത്. മലപ്പുറം, വയനാട്, ഇടുക്കി, കാസര്‍കോട്, പത്തനംതിട്ട ജില്ലാ ബാങ്കുകളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമില്ല. മലപ്പുറത്ത് യു.ഡി.എഫിന് വ്യക്തമായ മുന്‍തൂക്കമാണ്. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് (എം) ന്റെ സഹായമുണ്ടെങ്കിലേ ഭൂരിപക്ഷം ലഭിക്കൂ. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളാ കോണ്‍ഗ്രസിന്റെ സഹായം പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ ബാങ്കുകള്‍ ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കാന്‍ നീക്കം ശക്തമാക്കിയത്. എന്നാല്‍, ഇത്തരം നീക്കം ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും 1969 ലെ സഹകരണ നിയമത്തിന് എതിരാണെന്നും ഓള്‍ കേരള ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സി.കെ അബ്ദുല്‍ റഹിമാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഏതെങ്കിലും ജില്ലാ ബാങ്ക് ലയനപ്രമേയം പാസാക്കുന്നില്ലെങ്കിലും അവിടത്തെ ജീവനക്കാര്‍ക്ക് കേരള ബാങ്കില്‍ ഓപ്ഷന്‍ നല്‍കാവുന്നതും മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കുന്നതുമാണെന്നാണ് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. 14 ജില്ലാ ബാങ്കുകളിലും ലയനംപ്രമേയം പാസാക്കിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു നിര്‍ദേശം ചേര്‍ത്തിരിക്കുന്നത്. ജാര്‍ഖണ്ഡില്‍ ഇത്തരത്തില്‍ ലയനപ്രക്രിയ നടന്നപ്പോള്‍ മാറിനിന്ന ഒരു ജില്ലാ ബാങ്ക് ഇപ്പോള്‍ ആര്‍.ബി.ഐയുടെ അംഗീകാരത്തോടെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി ലഭിച്ചെന്ന വാദം തെറ്റ്
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി ലഭിച്ചെന്ന വാദം തെറ്റ്. കഴിഞ്ഞ ദിവസം പി.കെ ബഷീര്‍ എം.എല്‍.എ ഇതുസംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള പ്രാഥമികാനുമതി തേടിയിരിക്കുകയാണെന്നാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കിയത്.
കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ പ്രാഥമിക അനുമതി ലഭ്യമായെന്നുള്ള തരത്തിലാണ് ചില മുന്‍നിര മാധ്യമങ്ങള്‍ അടക്കം പ്രചാരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."