തെലങ്കാനയില്‍ മാവോവാദി ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാദ്രി കോതഗുണ്ടം ജില്ലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഘടനയെക്കുറിച്ച് പൊലിസിന് വിവരം നല്‍കുന്നവരാണെന്ന് സംശയിച്ചാണ് ഇവര്‍ക്കുനേരെ മാവോവാദികള്‍ ആക്രമണം നടത്തിയതെന്നാണ് വിവരം.
ഛത്തിസ്ഗഡ് സംസ്ഥാനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ഈ ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി നിരവധി വാഹനങ്ങളും മാവോവാദികള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.
ഭദ്രാദ്രി കോതഗുണ്ടം ജില്ലയിലെ വീരപുരം ഗ്രാമത്തിലാണ് ആദ്യം മാവോവാദികളുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ജോഗയ്യയെന്ന ആളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭദ്രാചലം നഗരത്തിനടുത്ത സൂര്യനഗറിലാണ് രമേശന് എന്ന ആള്‍ക്കുനേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നേരത്തെ മാവോവാദി സംഘടനാ പ്രവര്‍ത്തകരായിരുന്നു.
അതിനിടയില്‍ ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. മാവോവാദികളുടെ ശക്തികേന്ദ്രമായ സുക്മയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലിസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു. സുക്മ ജില്ലയിലെ വനമേഖലയില്‍ നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."