കെട്ടിടത്തില്‍നിന്നു വീണയാളെ നോക്കിനിന്ന സംഭവം നടുക്കം ഉളവാക്കുന്നതാണെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍നിന്നു താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കിനിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍ അഭിഭാഷക രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ കേസും പൊലിസ് സ്റ്റേഷനുമായി കയറി ഇറങ്ങേണ്ടി വരുമോ എന്ന ഭയമാണ് പലര്‍ക്കും. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ട്.
മാത്രമല്ല അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണ്. അപകടങ്ങളില്‍ നിഷ്‌ക്രിയരാകാതെ ഒരു ജീവനാണ് താന്‍ രക്ഷിക്കുന്നതെന്ന ഉയര്‍ന്ന മാനവിക ബോധം പ്രകടിപ്പിക്കാന്‍ എല്ലാ മലയാളികളോടും അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."