സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്തതിനെതിരേ പരാതി
കൊടുങ്ങല്ലൂര്‍: ഇസ്‌ലാംമതം സ്വീകരിച്ച എഴുത്തുകാരനും റിട്ട. പ്രധാനാധ്യാപകനുമായ ഇ.സി സൈമണ്‍ മാസ്റ്ററുടെ (മുഹമ്മദ് - 86) മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത നടപടിക്കെതിരേ സുഹൃത്തുക്കള്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കി. സൈമണ്‍ മാസ്റ്ററുടെ അന്ത്യാഭിലാഷത്തിന് വിരുദ്ധമായി മൃതദേഹം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിട്ടുകൊടുത്ത മക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് പരാതിയിലുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് തിരിച്ചെടുത്ത് ഇസ്‌ലാമിക ആചാര പ്രകാരം സംസ്‌കരിക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ കോതപറമ്പ് മുലക്കപ്പറമ്പില്‍ ശമീര്‍, എടവിലങ്ങ് പടിയത്ത് കലംങ്കഴത്ത് വീട്ടില്‍ പി.എം അന്‍സില്‍, കൊടുങ്ങല്ലൂര്‍ കൂളിമുട്ടം പുനിലത്ത് വീട്ടില്‍ പി.എം സലീം എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. സൈമണ്‍ മാസ്റ്ററുടെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ ഭൗതികശരീരം മെഡിക്കല്‍ കോളജിന് കൈമാറിയ നടപടി മൗലികാവകാശ ലംഘനമാണെന്നും മതപരമായ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം വൃണപ്പെടുത്തുന്ന നടപടിയാണെന്നും പരാതിയില്‍ പറയുന്നു. 2000 ഓഗസ്റ്റ് 18ന് ഇസ്‌ലാം മതം സ്വീകരിച്ച സൈമണ്‍ മാസ്റ്റര്‍ കാതിയാളം മഹല്ല്ജമാഅത്ത് പള്ളിയിലെ ഒരംഗവും നിസ്‌കാരത്തിനും മറ്റുമായി പള്ളിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
മരണശേഷം തന്റെ ശരീരം ഇസ്‌ലാമിക ആചാര പ്രകാരം സംസ്‌കരിക്കണമെന്ന് സൈമണ്‍ മാസ്റ്റര്‍ (മുഹമ്മദ് ഹാജി) സുഹൃത്തുക്കളോടും മക്കളോടും പറഞ്ഞിരുന്നതാണ്. രോഗിയായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ സന്ദര്‍ശിക്കാനെത്തിയ തങ്ങളോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച കത്തും സൈമണ്‍ മാസ്റ്റര്‍ കാതിയാളം മഹല്ല് കമ്മിറ്റിക്ക് കൈമാറിയിരുന്നു. മക്കളായ ഇ.എസ് ജെസ്സിയും ജോണ്‍സനും സാക്ഷികളായി ഒപ്പുവച്ചാണ് കത്ത് നല്‍കിയിരുന്നത്. എന്നാല്‍, സൈമണ്‍ മാസ്റ്റര്‍ മരിച്ചതോടെ മഹല്ല് കമ്മിറ്റിയുടേയോ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തക്കളുടേയോ സമ്മതമില്ലാതെ മൃതദേഹം മെഡിക്കല്‍ കോളജ് അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കുകയായിരുന്നു. ശനിയാഴ്ചയാണ് കൊടുങ്ങല്ലൂര്‍ എടവിലങ്ങ് കാര ഇലഞ്ഞിക്കല്‍ ഇ.സി സൈമണ്‍ മാസ്റ്റര്‍ (മുഹമ്മദ്) മരിച്ചത്. ബൈബിള്‍ പണ്ഡിതനും ഇസ്‌ലാമിക ചിന്തകനുമായിരുന്നു. ഇസ്‌ലാം, ക്രൈസ്തവ മത താരതമ്യ പഠനങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."