സുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റം അനുവദിക്കില്ല: ട്രംപ്
ന്യൂയോര്‍ക്ക്: യു.എസിന്റെ സുരക്ഷക്ക് വെല്ലുവിളിയാകുന്ന യാതൊരു കുടിയേറ്റവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഓഫ് യൂനിയനെ ആദ്യമായി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
തന്റെ കുടിയേറ്റ നിയമം തുടരും. യു.എസിലേക്ക് ഒരാള്‍ കുടിയേറിയ ശേഷം പിന്നീടുണ്ടാകുന്ന ചങ്ങല കുടിയേറ്റം തടയുന്നതിന് പ്രത്യേക നിയമ നിര്‍മാണം കൊണ്ടുവരും. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസ്താവന.
യു.എസ് വ്യാപാരത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യ കരസ്ഥമാക്കിയവരെ മാത്രമേ ഇനിമുതല്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ അനുവദിക്കൂ. അമേരിക്കക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ കുടിയേറാനാകുക. അതേസമയം നിലവിലെ കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് അമേരിക്ക പൗരത്വം നല്‍കുമെന്നും 12 വര്‍ഷം അമേരിക്കയില്‍ വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനാകുമെന്നും ട്രംപ് അറിയിച്ചു.
എന്നാല്‍ പൗരത്വം നേടുന്നവരുടെ ബന്ധുക്കളെ അമേരിക്കയിലേക്ക് കുടിയേറാന്‍ അനുവദിക്കാത്ത വിധത്തില്‍ നിയമനിര്‍മാണം നടത്തുമെന്നുള്ള ട്രംപിന്റെ പ്രസ്താവന പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒരു വിഭാഗം ഡെമോക്രാറ്റിക് എം.പിമാര്‍ പ്രസ്താവനക്കെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ട്രംപിന്റെ പുതിയ നയം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എച്ച്1 ബി വിസകളില്‍ വരുത്തുന്ന നിയന്ത്രണങ്ങളെ മറികടക്കാന്‍ ഇത് സഹായകരമാകും. പൊതുവെ ഈ വിസപ്രകാരം ഗ്രീന്‍കാര്‍ഡിന് അപേക്ഷ നല്‍കാന്‍ തങ്ങളുടെ ജീവനക്കാരെ പ്രമുഖ ഐ.ടി. കമ്പനികള്‍ അനുവദിക്കാറില്ല.
വിസയുടെ പരമാവധി കാലാവധിയായ ആറു വര്‍ഷം കഴിയുമ്പോള്‍ നിലവിലെ ജീവനക്കാരെ തിരിച്ചയക്കുകയും ഇന്ത്യയില്‍ നിന്നുള്ള പുതിയ ഐ.ടി വിദഗ്ധരെ അമേരിക്കയിലേക്കയക്കുകയുമാണ് നിലവിലെ രീതി.
അമേരിക്കയെ പുനര്‍സൃഷ്ടിക്കുക എന്ന സ്വപ്‌നം നടപ്പിലാക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് ട്രംപ് പറയുന്നു. തന്റെ സര്‍ക്കാര്‍ ഒരു വര്‍ഷത്തിനിടെ രണ്ട് കോടി 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച നികുതി പരിഷ്‌കാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടപ്പിലാക്കിയത്. കന്നി പ്രസംഗത്തില്‍ ഉത്തരകൊറിയക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിക്കാനും ട്രംപ് മറന്നില്ല.
ക്രൂരമായ സ്വേച്ഛാധിപത്യത്തിനാണ് ഉത്തരകൊറിയ ശ്രമിക്കുന്നത്. ഭീകരതക്കെതിരായും ട്രംപ് തന്റെ പ്രസംഗത്തില്‍ വാചാലനായി. ഇറാനുമായുള്ള അമേരിക്കയുടെ ആണവായുധ സഹകരണം, വിവിധ വ്യാപാര ഉടമ്പടികള്‍ എന്നിവയെക്കുറിച്ചും ഇസ്‌ലാമിക് സ്റ്റേറ്റിനെതിരായും ട്രംപ് സംസാരിച്ചു. അതേസമയം കഴിഞ്ഞ യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ ഉണ്ടായതിനെ കുറിച്ചോ ഇസ്‌റാഈലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയതിനെക്കുറിച്ചോ ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."