ജസ്റ്റിസ് ലോയാ കേസില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ദേശീയമാധ്യമങ്ങള്‍ മുക്കി
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിചേര്‍ക്കപ്പെട്ട സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ കോണ്‍ഗ്രസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അവഗണിച്ച് ദേശീയമാധ്യമങ്ങള്‍. ജീവന്‍ അപകടത്തിലാണെന്നു പറഞ്ഞ ലോയയെ സഹായിക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീകാന്ത് കണ്ഡാല്‍കര്‍, നാഗ്പൂര്‍ ജില്ലാ ജഡ്ജി പ്രകാശ് തോബ്രെ എന്നിവരും ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് കോണ്‍ഗ്രസ് നടത്തിയത്. ബുധനാഴ്ച ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്തു വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി നേതാക്കളും മുതിര്‍ന്ന അഭിഭാഷകരുമായ കപില്‍സിബല്‍, സല്‍മാന്‍ ഖുര്‍ശിദ്, വിവേക് തന്‍ക എന്നിവരാണ് മാധ്യമങ്ങള്‍ക്കു മുമ്പാകെ ലോയാകേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ലോയയുടെ സുഹൃത്തും അഭിഭാഷകനുമായ സതീഷ് ഉക്കെയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ ചിലര്‍ ജസ്റ്റിസ് ലോയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഒപ്പിടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ 'വിധിന്യായം' തന്നെ എത്തിച്ചുകൊടുത്തുവെന്നും ഇവര്‍ പറഞ്ഞു. ശ്രീകാന്ത് കണ്ഡാല്‍കര്‍, പ്രകാശ് തോബ്രെ എന്നിവര്‍ മരിച്ചതിനു പുറമെ ലോയയെ സഹായിച്ച ഒരുസുഹൃത്ത് അത്ഭുതകരമായി മരണത്തില്‍ നിന്നു രക്ഷപ്പെട്ടെന്നും ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സംഭവം എന്‍.ഐ.എയെയും സി.ബി.ഐയെയും മാറ്റിനിര്‍ത്തി സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനവെളിപ്പെടുത്തലുകള്‍:
* 2012ല്‍ സുപ്രിംകോടതി സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനുപുറത്തേക്ക് മാറ്റിയും വിചാരണകേള്‍ക്കാന്‍ ജസ്റ്റിസ് ഉല്‍പ്പതിനെയും നിയോഗിച്ച് സുപ്രിംകോടതി ഉത്തരവിട്ടു. ഇതിനിടെ 2014 മെയില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തി. പിന്നാലെ സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ജസ്റ്റിസ് ഉല്‍പ്പതിനെ മാറ്റി ലോയയെ നിയമിച്ചു.
* അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാന്‍ ലോയക്കുമേല്‍ കനത്ത സമ്മര്‍ദ്ദം. എങ്ങിനെയാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എന്നു വിശദീകരിക്കുന്ന 'മാതൃകാ വിധിപകര്‍പ്പും' ലോയക്കു നല്‍കി. അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാനായി നൂറുകോടി രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്യപ്പെട്ടു. പിന്നാലെ ഭീഷണിയും. തനിക്കു കിട്ടിയ 'മാതൃകാ വിധിപകര്‍പ്പ്' ലോയ സുഹൃത്ത് റിട്ട. ജഡ്ജി തോംബ്രക്കു കൈമാറി.
* അന്ന് ബോംബെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയിരുന്ന മോഹിത് ഷാ, ജഡ്ജിയായിരുന്ന ബി.ആര്‍ ഗവായ്, ഇപ്പോഴത്തെ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരായിരുന്നു ലോയക്കു മേല്‍ സമ്മര്‍ദ്ദത്തിനു പിന്നില്‍. ജസ്റ്റിസ് ഗവായിയില്‍ നിന്നും അഡ്വ. കേത്കി ജോഷിയില്‍ നിന്നും ലോയക്കു ഭീഷണിയുണ്ടായിരുന്നു.
* വധഭീഷണി ഉണ്ടായതോടെ ലോയ സുഹൃത്തുക്കളായ റിട്ട. ജഡ്ജി പ്രകാശ് തോംബ്‌റെ, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍ക്കര്‍, അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സതീഷ് ഉക്കെ എന്നിവരുടെ സഹായം തേടി.
* നവംബറില്‍ ഉക്കെയും തോംബ്രെയും ഡല്‍ഹിയില്‍ വന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്റെ നിയമോപദേശം തേടി. കോടതിയെ സമീപിക്കാന്‍ തെളിവുകള്‍ അപര്യാപ്തമാണെന്നു ഭൂഷണ്‍ നിയമോപദേശം നല്‍കി.
* ഇതേ മാസം ലോയയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മരിച്ചു. ലോയയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതിയില്ലാതെ ധൃതിയില്‍ സംസ്കരിച്ചു.
* അടുത്തവര്‍ഷം നവംബറില്‍ നാഗ്പൂര്‍ കോടതി മുറ്റത്ത് കണ്ഡാല്‍ക്കറെ മരിച്ചനിലയില്‍ കണ്ടെത്തി. എട്ടാംനിലയില്‍ നിന്നു വീണുമരിക്കുകയായിരുന്നു. കോടതി അവധിയായിരുന്നതിനാല്‍ രണ്ടുദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.
* കണ്ഡാല്‍ക്കര്‍ മരിച്ചതിനു പിറ്റേവര്‍ഷം മെയില്‍ നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയക്കിടെ തോംബ്രയും മരിച്ചു.
രേഖകളും വീഡിയോകളും സഹിതമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാര്‍ത്താസമ്മേളനമെങ്കിലും രാജ്യംഭരിക്കുന്ന കക്ഷിയുടെ ദേശീയ അധ്യക്ഷന്‍ കൂടി ഉള്‍പ്പെട്ട ഈ സംഭവത്തിലുള്ള വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ പാടേ അവഗണിച്ചു. ഇക്കാര്യത്തിലുള്ള അസംതൃപ്തി രാത്രി വൈകി ഔദ്യോഗിക ട്വിറ്റില്‍ പങ്കുവച്ച കോണ്‍ഗ്രസ്, വാര്‍ത്താചാനലുകളെല്ലാം ഇത് തിരസ്‌കരിച്ചെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്സിന്റെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ അവഗണിച്ചത് ട്വിറ്ററില്‍ ചര്‍ച്ചയാവുകയുംചെയ്തു. ചിലപത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉറവിടമാവട്ടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ നല്‍കിയതും. ന്യൂസ് 18 നല്‍കിയ വാര്‍ത്തയില്‍, ആരോപണങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രേഖകളൊന്നും ഹാജരാക്കിയിരുന്നില്ലെന്ന് അധികമായി ചേര്‍ക്കുകയും ചെയ്തു. വാര്‍ത്താസമ്മേളനം എ.എന്‍.ഐയുടെ യൂടൂബ് ലിങ്കിലും ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."