മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കാസര്‍കോട് പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെയും കണ്ണൂരിലെ കണ്ണൂര്‍ ഡെന്റല്‍ കോളജിലെയും ബി.ഡി.എസ് കോഴ്‌സിന് മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനം തടഞ്ഞ പ്രവേശന മേല്‍നോട്ട സമിതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രവേശന മേല്‍നോട്ട സമിതിക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയില്ലെന്ന കാരണത്താല്‍ ബി.ഡി.എസ് പ്രവേശനം റദ്ദാക്കിയതിനെതിരേ സെഞ്ച്വറി ഡെന്റല്‍ കേളജിലെ വിദ്യാര്‍ഥിനിയായ എം. ആദില ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയ ബന്ധിതമായി പ്രവേശന മേല്‍നോട്ട സമിതിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ കോളജുകളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇരു കോളജുകളും 2.5 ലക്ഷം രൂപ വീതം പിഴയടക്കണമെന്നും ഈ തുക ഒരു മാസത്തിനകം ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ കെട്ടി വയ്ക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കോളജുകളുടെ നടപടി അപലപനീയമാണെന്ന് കോടതി പറഞ്ഞു. കോളജുകള്‍ പ്രവേശന മേല്‍നോട്ട സമിതിയെ എന്തിനാണ് ഇരുട്ടില്‍ നിറുത്തുന്നതെന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമിതിയുടെ വെബ്‌സൈറ്റില്‍ എന്തുകൊണ്ടാണ് അപ്‌ലോഡ് ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചു. കോളജുകളുടെ നടപടിയെ വിമര്‍ശിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കോളജുകളുടെ വീഴ്ചയില്‍ കുട്ടികളെ ശിക്ഷിക്കേണ്ടതില്ലെന്ന് വിലയിരുത്തി പ്രവേശന മേല്‍നോട്ട സമിതിയുടെ ഉത്തരവ് റദ്ദാക്കിയത്.
2016 - 2017 വര്‍ഷത്തേക്കാണ് ഹര്‍ജിക്കാരായ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത്. ഈ കോളജുകള്‍ക്കും 100 സീറ്റ് വീതമാണ് അനുവദിച്ചിട്ടുള്ളത്. സര്‍ക്കാരുമായുള്ള കരാര്‍ അനുസരിച്ച് 50 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശാനുസരണവും ബാക്കി 50 സീറ്റുകളില്‍ മാനേജ്‌മെന്റ് - എന്‍.ആര്‍.ഐ ക്വാട്ടയിലുമാണ് പ്രവേശനം അനുവദിച്ചത്. എന്നാല്‍, ഇരുകോളജുകള്‍ക്കും മാനേജ്‌മെന്റ് ക്വാട്ടയില്‍ 32 സീറ്റുകളില്‍ മാത്രമാണ് പ്രവേശനം നടത്താനായത്. ശേഷിച്ച സീറ്റുകള്‍ കരാര്‍ പ്രകാരം സര്‍ക്കാരിന് നല്‍കി. അതേസമയം, മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ കുട്ടികളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ വിവരങ്ങള്‍ ഇരു കോളജ് മാനേജ്‌മെന്റുകളും നല്‍കിയില്ലെന്ന് പ്രവേശന മേല്‍നോട്ട സമിതി വിശദീകരിച്ചു.
അതേസമയം, ജൂലൈ 21ന് കോളജുകള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പ്രവേശന മേല്‍നോട്ട സമിതി തങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും കോളജുകള്‍ വാദിച്ചു. എന്നാല്‍, ഈ വാദം കണക്കിലെടുക്കാന്‍ ഹൈക്കോടതി തയാറായില്ല. നിശ്ചിത സമയത്തിന് മുന്‍പ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നോയെന്നു പരിശോധിക്കാന്‍ സി -ഡാക്കിന് നിര്‍ദേശം നല്‍കി. എന്നാല്‍, സാങ്കേതികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനിയുടെ സെര്‍വര്‍ വിവരങ്ങള്‍ കോളജുകള്‍ ലഭ്യമാക്കിയില്ല. രജിസ്‌ട്രേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ അവസാന തിയതിക്ക് മുമ്പ് അപേക്ഷ നല്‍കിയോയെന്ന് വ്യക്തമല്ലെന്ന് സി -ഡാക്ക് മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."