പാകിസ്താനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 16 മരണം
ലാഹോര്‍: കിഴക്കന്‍ പാകിസ്താനിലെ പഞ്ചാബ് നിയമസഭാ മന്ദിരത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 16 പേര്‍ മരിച്ചു. രണ്ട് മുതിര്‍ന്ന് പൊലിസ് ഓഫിസര്‍മാരും ഇതില്‍ ഉള്‍പ്പെടും. 69 പേര്‍ക്ക് പരുക്കേറ്റു. നിയമസഭക്ക് മുന്നിലുള്ള പ്രതിഷേധ റാലിക്കിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
ലാഹോര്‍ ട്രാഫിക് പൊലിസ് ചീഫ് ക്യാപ്റ്റന്‍ മൊബീന്‍ അഹ്മദ്, ലാഹോര്‍ സീനിയര്‍ പൊലിസ് സൂപ്രണ്ട് സാഹിദ് ഗോണ്ടല്‍ എന്നിവരാണ് കൊല്ലപ്പെട്ട പൊലിസുകാര്‍.
കെമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയാണ് നടന്നത്. ബലൂചിസ്ഥാനില്‍ ജോലിചെയ്യവെയും അഹ്മദിനെതിരേ വധശ്രമം നടന്നിരുന്നു. ആക്രമണം പൊലിസിനെ ലക്ഷ്യംവച്ചുള്ളതാണെന്നും പ്രതിഷേധക്കാര്‍ക്ക് നേരെയുള്ളതല്ലെന്നും പൊലിസ് പറഞ്ഞു. പൊലിസുകാര്‍ കൊല്ലപ്പെട്ട സംഭവം പഞ്ചാബ് നിയമമന്ത്രി റാണ സനാഉല്ലയും സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഈയിടെ നടപ്പാക്കിയ മരുന്നു നിയന്ത്രണത്തിന് എതിരേയായിരുന്നു കെമിസ്റ്റുകളുടെ പ്രതിഷേധം. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും ചിലര്‍ കൊല്ലപ്പെട്ടുവെന്നും ലാഹോര്‍ കെമിസ്റ്റ് അസോസിയേഷന്‍ വക്താവ് ഇഷ്തിയാഖ് അഹ്മദ് പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടക വസ്തുനിറച്ച വാഹനമാണ് പൊട്ടിത്തെറിച്ചത്. പ്രതിഷേധക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പൊലിസിനു സമീപത്ത് വച്ച് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."