പരേതരുടെ കൂട്ടുകാരന്‍
നന്മമരങ്ങള്‍ അക്കരെപ്പച്ചകളാകുന്ന കാലത്തും ലോകം വെന്തെരിയാത്തതെന്തു കൊണ്ടാണ്? മനസുനിറയെ നന്മയുള്ള ചിലരെങ്കിലും ചിലയിടങ്ങളില്‍ ജീവിച്ചിരിപ്പുള്ളത് കൊണ്ട് എന്നു തന്നെയാണുത്തരം. അപരന്റെ നിസ്സഹായാവസ്ഥ സന്തോഷാവസരമാക്കാതെ സഹാനുഭൂതി പകരാനുള്ള അവസരമാക്കുന്നവര്‍ എത്ര പേരുണ്ട് നമുക്കിടയില്‍? അധികം പേരൊന്നുമുണ്ടാകില്ലെന്നതുറപ്പാണ്. നിസഹായത അനുഭവിക്കുന്നവനു മുന്‍പില്‍ സ്‌നേഹമായും സഹായമായും സാന്ത്വനമായും പ്രത്യക്ഷപ്പെടുക. അവര്‍ക്കു മുന്നില്‍ കാരുണ്യത്തിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുക. ഒരിക്കല്‍ മാത്രമല്ല, ജീവിതവ്രതം പോലെ ദിവസവും ഇതാണ് ഒരാള്‍ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. പരേതര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരാളെക്കുറിച്ചാണ് പറയുന്നത്. താമരശ്ശേരിയിലെ ചുങ്കം പാലോറക്കുന്നുമ്മല്‍ അഷ്‌റഫ് എന്ന താമരശ്ശേരി അഷ്‌റഫിനെ കുറിച്ചാണു പറഞ്ഞുവരുന്നത്.
'ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ അയാള്‍ക്കു മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴ പോലെ അയാള്‍ അഷ്‌റഫ് ' എന്ന് അന്തരിച്ച തിരക്കഥാകൃത്ത് ടി.എ റസാക്ക് ഒരിക്കല്‍ എഴുതിയിട്ടുണ്ട്. വെറും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അഷ്‌റഫിന് ഇങ്ങനെയൊരു വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹത്തിനകത്തെ പരിധികളില്ലാത്ത മനുഷ്യപ്പറ്റായിരുന്നു. ഇത്രയും ഉയര്‍ന്ന സാമൂഹികബോധത്തോടെ ഇവിടെയൊരാള്‍ ബഹളങ്ങളില്‍നിന്ന് ഒഴിഞ്ഞു പ്രവര്‍ത്തനനിരതനാകുന്ന കാര്യം പുതുതലമുറയ്ക്കു ചിന്തിക്കാന്‍ പോലുമാകില്ല.
വലിയൊരു പാഠശാലയാണ് അഷ്‌റഫ് എന്ന ജീവിതം. പ്രവാസലോകത്ത് വച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങളുമായി മുഴുസമയം അഷ്‌റഫുണ്ട്. സ്വന്തം ജീവിതവും സമ്പാദ്യവും അതിനായി സമര്‍പ്പിച്ച് വര്‍ഷം ഏറെയായി ഈ മനുഷ്യന്‍ അക്കരെ കഴിയുന്നു. ഗള്‍ഫില്‍ ആരെങ്കിലും മരിച്ചാല്‍ ആദ്യം ആളുകള്‍ തിരക്കുക അഷ്‌റഫിനെയാണ്. മരിച്ചവരുടെ സ്ഥലവിവരങ്ങളും മറ്റു കാര്യങ്ങളും ചോദിച്ചറിഞ്ഞ് ഉടന്‍ തന്നെ അദ്ദേഹം സ്ഥലത്തെത്തും. ആവശ്യമായ പേപ്പര്‍ വര്‍ക്കുകളും മറ്റു ക്രമനടപടികളും പൂര്‍ത്തീകരിക്കാനുള്ള തിരക്കിലാകും പിന്നീട്. ഒടുവില്‍ മൃതദേഹം വിമാനത്തില്‍ കയറ്റി അയച്ചാല്‍ മാത്രമേ അദ്ദേഹത്തിന് ആശ്വാസമാകൂ. നാട്ടിലെത്തിക്കാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ക്കു കൂട്ടായി അഷ്‌റഫും വിമാനത്തില്‍ തിരിച്ച സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.
പഞ്ചര്‍കടക്കാരനില്‍ നിന്ന് തുടക്കം
രണ്ടു പതിറ്റാണ്ടു മുന്‍പുവരെ നാട്ടില്‍ ടാക്‌സി ഓടിച്ചും പഞ്ചര്‍ക്കട നടത്തിയും ജീവിച്ച സാധാരണ നാട്ടിന്‍പുറത്തുകാരനായിരുന്നു അഷ്‌റഫ്. വീട്ടിലെ ജീവിത പ്രാരാബ്ധങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അന്നത്തെ ഏതൊരു യുവാവിനെയും പോലെ പ്രവാസം തിരഞ്ഞെടുക്കേണ്ടി വന്നവന്‍. ചോര്‍ന്നൊലിക്കുന്ന ഓലപ്പുര. ചുറ്റിലും വറുതിയും ദാരിദ്ര്യവും. ഈ ദുരിതക്കടല്‍ താണ്ടാന്‍ ഒടുവില്‍ അഷ്‌റഫും സഊദിയിലേക്ക് കടല്‍കടന്നു. കടല്‍ കടക്കുമ്പോള്‍ കണ്ണില്‍ കുടുംബമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അധികകാലം അവിടെ പിടിച്ചുനില്‍ക്കാനായില്ല. നാട്ടിലേക്കു തിരിച്ചുപോരേണ്ടി വന്നു. പിന്നീട് അളിയന്‍ നല്‍കിയ വിസയില്‍ അജ്മാനിലേക്കു പോയി. അവിടെ ഒരാളുമായി ചേര്‍ന്ന് ചെറിയൊരു വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു. ചെറിയ നിലക്കൊക്കെ ജീവിതം പച്ചപിടിച്ചു തുടങ്ങി. ഇടക്ക് യു.എ.ഇയിലേക്കും ജീവിതം മാറി.
ആയിടക്ക് ഷാര്‍ജയില്‍ നേരിട്ടനുഭവിച്ച ഒരു സംഭവമാണ് വലിയൊരു ആലോചനയും അതുവഴി ജീവിതത്തില്‍ വഴിത്തിരിവും സൃഷ്ടിച്ചത്. ഷാര്‍ജയിലെ ഒരു ആശുപത്രിയില്‍ രോഗിയായ സുഹൃത്തിനെ കാണാന്‍ ചെന്നതായിരുന്നു. സുഹൃത്തിനെ കണ്ടു തിരിച്ചുവരുന്ന വഴിക്ക് ആശുപത്രി വരാന്തയില്‍ മലയാളികളെ പോലെ തോന്നിപ്പിക്കുന്ന രണ്ടുപേര്‍ ഇരുന്നു കരയുന്നതു കണ്ടു. അന്വേഷിച്ചു ചെന്നപ്പോള്‍ കൊല്ലം പുനലൂര്‍ സ്വദേശികളായ സഹോദരങ്ങളായിരുന്നു അവര്‍. അച്ഛന്‍ മരിച്ചിട്ട് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ വഴിയറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു അവര്‍. നാട്ടില്‍ മൃതദേഹം എത്തിക്കാനുള്ള നൂലാമാലകള്‍ ആലോചിച്ച് ആ ചെറിയ ശമ്പളക്കാരായ യുവാക്കള്‍ക്ക് നില മറന്നിരിക്കുകയായിരുന്നു. ആ കാഴ്ച തെല്ലൊന്നുമല്ല അഷ്‌റഫിനെ അലട്ടിയത്. അവരുടെ കൂടെ ചെന്ന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു. ഒടുവില്‍ ആ സഹോദരങ്ങളെയും അച്ഛന്റെ മൃതദേഹത്തെയും നാട്ടിലേക്ക് വിമാനം കയറ്റി അയച്ചാണ് അന്ന് അഷ്‌റഫ് താമസസ്ഥലത്തേക്കു മടങ്ങിയത്.
അന്നു തുടങ്ങിയതാണ് ഈ മഹാദൗത്യം. അതിനു ശേഷം ഇന്നുവരെയായി 4,500ല്‍ അധികം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു. ഉറ്റവരെ കുറിച്ച് വിവരമില്ലാത്തവരെ അവിടെ തന്നെ അടക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടു. മതവും ജാതിയും ദേശവും ഒഴിവില്ലാത്തെ ആ മഹാമനസ് തന്റെ ജീവിതനിയോഗം ഇന്നും മുടക്കമില്ലാത്തെ പുലര്‍ത്തിപ്പോരുന്നു. 38 രാജ്യക്കാരുടെ മൃതദേഹങ്ങളാണ് ഇതിനകം അഷ്‌റഫ് നാട്ടിലെത്തിച്ചത്.
ആദ്യമൊക്കെ മാസത്തില്‍ ഒന്നോ രണ്ടോ മൃതദേഹങ്ങളായിരുന്നു നാട്ടിലെത്തിച്ചിരുന്നതെന്ന് അഷ്‌റഫ് ഓര്‍ക്കുന്നു. ഇപ്പോള്‍ മാസംതോറും 45 മുതല്‍ 55 വരെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കുന്നു. ഒരു ദിവസം 12 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച അനുഭവവും ഇതിനിടക്കുണ്ടായി. നാലു മുതല്‍ 71 വയസുകാര്‍ വരെ അതിലുണ്ടായിരുന്നു. 2016 ആയിരുന്നു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച വര്‍ഷം. ആ വര്‍ഷം മരിച്ചവരില്‍ 400ലേറെ പേരും മലയാളികളായിരുന്നുവെന്ന വേദനനിറഞ്ഞ സത്യം അഷ്‌റഫ് പങ്കുവയ്ക്കുന്നു.
നിസ്വാര്‍ഥം ഈ സേവനം
ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ ആരെങ്കിലും മരിച്ച വാര്‍ത്ത കേട്ടാല്‍ ഉടന്‍ അഷ്‌റഫ് അവിടെ എത്തിയിരിക്കും. ആരുമറിയാതെ വേണ്ട പരിചരണങ്ങളിലും മറ്റു നടപടിക്രമങ്ങളിലും സഹായിക്കും. ഗള്‍ഫിലെത്തിയ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ആരംഭിച്ച ഈ കാരുണ്യപ്രവൃത്തി സ്വന്തം വീട്ടുകാരും ഭാര്യ പോലും ഏറെ കഴിഞ്ഞാണ്. സ്‌പോണ്‍സറായ യു.എ.ഇ സ്വദേശി ജമാല്‍ ഈസാ അഹമ്മദിനും ഏതാനും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ഇതിനെ കുറിച്ച് അറിയാമായിരുന്നത്. ദൈവപ്രീതി മുന്നില്‍ കണ്ടു മാത്രം ചെയ്തതായിരുന്നു എല്ലാം എന്നാണ് ഒരിക്കല്‍ അഷ്‌റഫ് തന്നെ ഇതിനെ കുറിച്ചു പറഞ്ഞത്.
ഇത്രയും സേവന പ്രവൃത്തികള്‍ ചെയ്തിട്ടും ഒരാളില്‍നിന്നു പോലും അതിനു പ്രതിഫലം സ്വീകരിച്ചിട്ടില്ല അഷ്‌റഫ് എന്നതാണ് ഏറെ ആശ്ചര്യകരം. ഈ സേവനപ്രവൃത്തിക്കിടയില്‍ പണം എന്ന ചിന്ത മനസില്‍ ഉദിച്ചിട്ടുപോലുമില്ല. ''ഈ ചെയ്യുന്ന പ്രവൃത്തിക്ക് കാഷു വാങ്ങിച്ചുതുടങ്ങിയാല്‍ അതൊരു തൊഴിലായി മാറും. അതു പറ്റില്ല. പ്രതിഫലമായി എന്നു പണം സ്വീകരിച്ചോ അന്ന് ഞാന്‍ ഈ പ്രവൃത്തി നിര്‍ത്തും''-പ്രതിഫലം സ്വീകരിക്കാറുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന ഉറച്ച മറുപടിയാണിത്. ആയിരക്കണക്കിന് ദിര്‍ഹവും ഡോളറും കൈകളില്‍ വച്ചുതന്നിട്ടും തട്ടിക്കളയുക മാത്രം ചെയ്തു. എല്ലാ പ്രതിഫലവും ദൈവത്തില്‍നിന്നു ലഭിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് അഷ്‌റഫ്.
സേവനപ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ പരന്നതോടെ സഹായവും പിന്തുണയുമായി നിരവധി പേരെത്തി. യു.എ.ഇ പൊലിസിലെ ഉന്നത ഉദ്യോഗസ്ഥനായ തന്റെ സ്‌പോണ്‍സര്‍ മുതല്‍ മറ്റ് പൊലിസ് ഉദ്യോഗസ്ഥരും എംബസി, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ ജീവനക്കാരും ഇന്ന് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്.
'ജീവന്‍ വിട്ടേച്ചുപോകുന്നവര്‍ ചിലരെങ്കിലും എന്റെ കൈ കാത്തിരിക്കുന്നുണ്ടാവും. അവസാനത്തെ കൈ. ഒരു തപസ്വിയെപ്പോലെ ജീവിതമുനമ്പു തേടി ഞാന്‍ നീന്തുന്നു. കരകയറുമോ എന്നൊന്നും വേവലാതിയില്ല. ഒന്നെനിക്കറിയാം. ഇതാണെന്റെ ജീവിതം'-തന്റെ ജീവിതനിയോഗത്തെ കുറിച്ച അഷ്‌റഫിന്റെ ഉറച്ചബോധ്യം ഇത്രയുമാണ്.
തന്റെ വഴിയെ തന്നെ മക്കളെയും നടത്താനാണ് ആഗ്രഹം. സാമൂഹികബോധവും സേവനമനസ്ഥിതിയും വളര്‍ത്തി അവരെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാനസികവും ശാരീരികവുമായി സജ്ജരാക്കണമെന്ന് അഷ്‌റഫ് പറയുന്നു.
അര്‍ഹതയ്ക്ക് അംഗീകാരം
പതിറ്റാണ്ടുകളായി അഷ്‌റഫ് ചെയ്തുപോരുന്ന നല്ല കര്‍മങ്ങള്‍ക്ക് ദേശീയാംഗീകാരം ലഭിച്ച വര്‍ഷമായിരുന്നു 2015. ആ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയാണ് അഷ്‌റഫിനെ ആദരിച്ചത്. സാധാരണഗതിയില്‍ തങ്ങളുടെ സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കം വിവരിച്ച് വ്യക്തികള്‍ സ്വയം പുരസ്‌കാരത്തിനായി അപേക്ഷിക്കാറാണു പതിവ്. എന്നാല്‍ അഷ്‌റഫിന്റെ കാര്യത്തില്‍ അതുണ്ടായില്ല. പകരം യു.എ.ഇ ഇന്ത്യന്‍ എംബസി നേരിട്ടാണു പുരസ്‌കാരത്തിനായി അഷ്‌റഫിനെ നാമനിര്‍ദേശം ചെയ്തത്. അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന അന്നത്തെ ഇന്ത്യന്‍ അംബാസഡര്‍ തന്നെ അതിനു മുന്‍കൈയെടുക്കുകയായിരുന്നു.
അമേരിക്കയിലെ ഹവായ് ആസ്ഥാനമായുള്ള കിങ്‌സ് യൂനിവേഴ്‌സിറ്റി നിസ്വാര്‍ഥമായ സാമൂഹിക പ്രവര്‍ത്തനത്തിന് ഡോക്ടറേറ്റ് നല്‍കിയും അഷ്‌റഫിനെ ആദരിച്ചു. യു.എ.ഇയിലെ റേഡിയോ ഏഷ്യയുടെ 2017ലെ 'ന്യൂസ് പേഴ്‌സന്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. റേഡിയോ നടത്തിയ എസ്.എം.എസ് സര്‍വേയിലൂടെയായിരുന്നു 2017ലെ ഗള്‍ഫ് ലോകത്തെ വാര്‍ത്താവ്യക്തിയെ കണ്ടെത്തിയത്. ലോക കേരളസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇതിനിടയില്‍. ദുബൈ പൊലിസിന്റേതടക്കം ഗള്‍ഫ് അധികൃതരുടെ അംഗീകാരവും സ്വന്തമാക്കി. നാട്ടില്‍ വിവിധ സന്നദ്ധ-സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ പുരസ്‌കാരങ്ങളും ആദരവും ചില്ലറയൊന്നുമല്ല അദ്ദേഹത്തിനു ലഭിച്ചത്.
അഷ്‌റഫിന്റെ ജീവിതം ആധാരമാക്കി മാതൃഭൂമി ബുക്‌സ് 'പരേതര്‍ക്കൊരാള്‍' എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തരിച്ച ബാബു ഭരദ്വാജ് മുതല്‍ കെ.പി രാമനുണ്ണി, ബി.എം സുഹ്‌റ, യഹ്‌യ തളങ്കര അടക്കം പ്രമുഖര്‍ അഷ്‌റഫിന്റെ ജീവിതമാഹാത്മ്യം വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അഷ്‌റഫിന്റെ ജീവിതം വെള്ളിത്തിരയിലും പ്രകാശിതമാകാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."