ഗ്രീന്‍ പ്രോട്ടോകോള്‍ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്ക് ഇന്നു മുതല്‍ പരിശീലനം
കോഴിക്കോട്: നവകേരള മിഷന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നു.
ജില്ലയിലെ എ.ഇ.ഒമാര്‍, ഡി.ഇ.ഒ, ബി.പി.ഒ എന്നിവരുടെ യോഗം ചേരുകയും ആദ്യഘട്ടത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍, പി.ടി.എ പ്രസിഡന്റ്, സ്‌കൂള്‍ സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ക്ക് ബി.ആര്‍.സി തലങ്ങളില്‍ 14 മുതല്‍ മാര്‍ച്ച് 6 വരെ വിവിധ ബാച്ചുകളായി പരിശീലനം നല്‍കും. സ്‌കൂളുകളെ ഗ്രീന്‍ സ്‌കൂളുകളായി മാറ്റുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഉപയോഗിച്ച് വലിച്ചെറിയുന്ന ബോള്‍ പോയിന്റ് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കും.
എല്ലാ സ്‌കൂളുകളിലും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനും ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി ഇതുപയോഗിച്ച് ജൈവ കൃഷിയും പൂന്തോട്ടവും നിര്‍മിക്കാനും നിര്‍ദേശം നല്‍കും. അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന് ഓരോ സ്‌കൂളുകളിലും മെറ്റീരിയല്‍ റിക്കവറി സെന്ററുകള്‍ ആരംഭിക്കുകയും ഇവിടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൊട്ടടുത്ത ആക്രികച്ചവടക്കാര്‍ക്ക് കൈമാറുന്നതിനുളള സംവിധാനം ഒരുക്കുകയും ചെയ്യും.
ഇതിനായി ജില്ലയിലെ 200 ഓളം ആക്രികച്ചവടക്കാര്‍ ശുചിത്വമിഷനില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ എല്ലാ സ്‌കൂളുകളിലും സ്ഥാപിക്കും.
സ്‌കൂളില്‍ കുപ്പിവെളളം നിരുത്സാഹപ്പെടുത്തുകയും പകരം സ്റ്റീല്‍ ബോട്ടിലുകളില്‍ വെളളം കൊണ്ടുവരാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. കുട്ടികള്‍ ഭക്ഷണം പാഴാക്കികളയുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് മാത്രം ഭക്ഷണം കൊടുത്തയക്കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചെയര്‍മാനായ ജില്ലാ ശുചിത്വ സമിതി ഇത് സംബന്ധിച്ച മോണിറ്ററിങ്ങ് നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, അസി. കോ ഓര്‍ഡിനേറ്റര്‍മാരായ കെ.പി. രാധാകൃഷ്ണന്‍, ഇ. അശോകകുമാര്‍, പ്രോഗ്രാം ഓഫിസര്‍ കൃപാ വാര്യര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്മാരായ സി.കെ രശ്മി, ഗീത പുത്തലത്ത് എന്നിവരും റിസോഴ്‌സ് പേഴ്‌സണ്‍മാരും വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."