എഫ്.ബി.ഐ എതിര്‍പ്പ് വകവച്ചില്ല രഹസ്യരേഖ യു.എസ് കോണ്‍ഗ്രസ് പുറത്തുവിട്ടു
വാഷിങ്ടണ്‍: അമേരിക്കയുടെ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐക്കെതിരായ വിമര്‍ശനങ്ങള്‍ അടങ്ങിയ രഹസ്യരേഖ യു.എസ് കോണ്‍ഗ്രസ് സമിതി പുറത്തുവിട്ടു. എഫ്.ബി.ഐയുടെ എതിര്‍പ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരത്തോടെ രേഖ പരസ്യമാക്കിയത്.
ട്രംപിന്റെ റഷ്യന്‍ ബന്ധവും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അന്വേഷിക്കുന്ന എഫ്.ബി.ഐ സമിതിയെ ലക്ഷ്യമിട്ടാണ് റിപബ്ലിക്കന്‍ പ്രതിനിധികളുടെ സഹായത്തോടെ കോണ്‍ഗ്രസ് ഇന്റലിജന്‍സ് കമ്മിറ്റി രഹസ്യരേഖ തയാറാക്കിയത്.
ട്രംപിന്റെ അടുത്ത സഹായിയും റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡെവിന്‍ നണ്‍സ് ആണ് നാലുപേജുള്ള രേഖ തയാറാക്കാന്‍ നേതൃത്വം നല്‍കിയത്. നേരത്തെ വൈറ്റ്ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി അംഗീകാരം നല്‍കിയ രേഖയില്‍ കഴിഞ്ഞ ദിവസമാണ് ട്രംപ് ഒപ്പുവച്ചത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള രഹസ്യവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ക്കാനും ട്രംപിന്റെ റഷ്യന്‍ബന്ധം സ്ഥാപിക്കാനുമായി എഫ്.ബി.ഐ പക്ഷപാതപരമായി പെരുമാറിയെന്നു തെളിയിക്കുന്ന രേഖകളാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
പ്രസിഡന്റിന്റെ സഹായികളെ അടക്കം തെറ്റായ രീതിയിലൂടെ ചാരപ്രവര്‍ത്തനത്തിനു വിധേയമാക്കിയതായ ഗുരുതര ആരോപണവും ഇതിലുണ്ട്. ട്രംപിന്റെ ഉപദേഷ്ടാവായിരുന്ന കാര്‍ട്ടര്‍ പേജിനെ രഹസ്യമായി നിരീക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി സ്വന്തമാക്കി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ താല്‍പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്നയാളുടെ കണ്ടെത്തലുകളാണ് ഇതിനായി കോടതിയില്‍ സമര്‍പ്പിച്ചത്. ട്രംപിനെതിരായ എഫ്.ബി.ഐ-ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് വൃത്തങ്ങളുടെ സംയുക്ത നീക്കത്തിന്റെ ഫലമായാണ് റഷ്യന്‍ ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത് തുടങ്ങിയ ആരോപണങ്ങള്‍ രേഖയില്‍ ഉന്നയിക്കുന്നുണ്ട്.
2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ള റോബര്‍ട്ട് മ്യൂളര്‍ കമ്മിഷന്റെ അന്വേഷണം അട്ടിമറിക്കാനാണു രഹസ്യരേഖകള്‍ പുറത്തുവിട്ടതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ പ്രതികരിച്ചു.
ഡെപ്യൂട്ടി അറ്റോണി ജനറല്‍ റോഡ് റെസസ്റ്റൈനെ പുറത്താക്കാനും ശ്രമം നടക്കുന്നതായി പാര്‍ട്ടി ആരോപിച്ചു.
അടുത്തിടെയായി എഫ്.ബി.ഐയും ട്രംപ് ഭരണകൂടവും തമ്മില്‍ പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. എഫ്.ബി.ഐക്കെതിരേ ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. എഫ്.ബി.ഐയും ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റും അന്വേഷണങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രധാന വിമര്‍ശനം. റിപബ്ലിക്കന്‍ പാര്‍ട്ടിയെ തകര്‍ക്കാനായി അന്വേഷണങ്ങളെ ഉപയോഗപ്പെടുത്തുന്നതായും ട്രംപ് കുറ്റപ്പെടുത്തി.
രഹസ്യരേഖ പുറത്തുവിടുന്നതിനെതിരേ എഫ്.ബി.ഐ രംഗത്തെത്തിയിരുന്നു. വസ്തുതാപരമായി ഒരുപാട് പിഴവുകളുള്ള രേഖ പരസ്യപ്പെടുത്തുന്നത് ആശങ്കാജനകമാണെന്നാണ് എഫ്.ബി.ഐ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."