നെട്ടൂര്‍- തേവര ഫെറിയില്‍ മൂന്നാമത്തെ ബോട്ടും നിലച്ചു
നെട്ടൂര്‍: നെട്ടൂര്‍-തേവര ഫെറിയില്‍ കടത്ത് ബോട്ടുകള്‍ക്ക് കഷ്ടകാലം. നഗരസഭ കരാര്‍ നല്‍കി സ്വകാര്യ വ്യക്തി സര്‍വീസ് നടത്തിയിരുന്ന ബോട്ടും യാത്രയോഗ്യമല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ബോട്ട് സര്‍വീസ് നിലച്ചതോടെ നെട്ടൂര്‍ തീരദേശ മേഖലയില്‍ യാത്ര ക്ലേശം രൂക്ഷമായി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പത്ത് ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ നിര്‍മിച്ച ആദ്യത്തെ ബോട്ട് (പ്രിയദര്‍ശിനി1 ) സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തന രഹിതമായി. പല പ്രാവശ്യം അറ്റകുറ്റപ്പണി നടത്തിയെങ്കിലും എതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബോട്ട് നിശ്ചലമാകുകയായിരുന്നു. തുടര്‍ന്ന് ബോട്ട് ഉപേക്ഷിച്ച് കായലില്‍ തള്ളി. ഇതിപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് താവളമായി കായലോരത്ത് കിടന്ന് നശിക്കുകയാണ്.
മുന്‍ എം.എല്‍.എ കെ.ബാബു നഗരസഭക്ക് അനുവദിച്ച ഇരുപത്തേഴ് ലക്ഷം രൂപ ചിലവഴിച്ച് കെ.എസ്.ഐ.എന്‍.സി മറ്റാരു ബോട്ട് (പ്രിയദര്‍ശിനി 2) നിര്‍മിച്ച് നല്‍കി സര്‍വ്വീസ് ആരംഭിച്ചെങ്കിലും ഇതും ആദ്യ ബോട്ട് പോലെ തന്നെ നീറ്റിലിറക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേടായി. പല പ്രാവശ്യം ഇത് ആവര്‍ത്തിച്ചതിനാല്‍ കെ.എസ്.ഐന്‍.സിയോട് ബോട്ട് തിരിച്ചെടുത്ത് പുതിയ ബോട്ട് നല്‍കാന്‍ നഗരസഭ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബോട്ടിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട അധികര്‍ നിയമിച്ച അന്വേഷണ സംഘം രണ്ട് തവണ ബോട്ട് കായലില്‍ ഓടിച്ച് പരിശോധന നടത്തിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇരട്ട എന്‍ജിനുള്ള ബോട്ടിന്റെ എന്‍ജിനുകള്‍ രണ്ട് കമ്പനിയുടെ താണെന്നും നിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. ഈ ബോട്ട് ഇവിടെ സര്‍വ്വീസ് നടത്തുന്നതിന് കായല്‍ ഡ്രഡ്ജ് ചെയ്യേണ്ടി വരുമെന്നും പറയപ്പെടുന്നു. ഇതൊക്കെ ആരുചെയ്യുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
കടത്ത് നിലച്ചത് മൂലം വിദ്യാര്‍ഥികളും മറ്റുയാത്രക്കാരും ദീര്‍ഘ ദൂരം നടന്ന് ദേശീയ പാതയിലെത്തിയും കുണ്ടന്നൂര്‍ തേവര പാലത്തിലെ നെട്ടൂരില്‍ നിന്നുള്ള ദീര്‍ഘമായ പടവുകള്‍ കയറിയുമാണ് യാത്ര ചെയ്യാനാവുന്നത്. ഇവിടുത്തെ കായലിന് യോജിച്ച സുരക്ഷിതമായി യാത്ര ചെയ്യാനുതകുന്ന ബോട്ട് ഏര്‍പ്പെടുത്തി സര്‍വ്വീസ് ആരംഭിച്ച് ഈ മേഖലയിലെ യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. യാത്ര ക്ലേശത്തിന് പരിഹാരമായി പകരം സംവിധാനമൊരുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."