സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി. രാജു തുടരും
കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ചവര്‍ക്ക് പരാജയം. നിലവിലെ ജില്ലാ സെക്രട്ടറി പി.രാജു വീണ്ടും തുടരും. സംസ്ഥാന നേതൃത്വത്തിന്റെ സമവായ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് പൂര്‍ത്തിയായത്.
കഴിഞ്ഞതവണ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച് ജയിച്ച് സെക്രട്ടറിയായ പി. രാജുവിനെ ഇത്തവണ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു. എറണാകുളം ജില്ലാ കൗണ്‍സിലിലേക്ക് ഔദ്യോഗികമായി അവതരിപ്പിച്ച 51 അംഗ പാനലിനെതിരേ എട്ടുപേര്‍ മത്സരരംഗത്തുവന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖന്, സംസ്ഥാന അസി.സെക്രട്ടറി പ്രകാശ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെതുടര്‍ന്ന് രണ്ടുപേര്‍ മത്സരരംഗത്തുനിന്ന് പിന്മാറി. സി.പി.എമ്മില്‍നിന്ന് സി.പി.ഐയിലേക്ക് എത്തിയ മൂന്ന് നേതാക്കളെ ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തുകൊണ്ടു ജില്ലയിലെ സി.പി.എമ്മിനും സമ്മേളനം മുന്നറിയിപ്പ് നല്കി. എട്ട് പുതുമുഖങ്ങള്‍ക്കും ഏഴ് വനിതകള്‍ക്കും ഇത്തവണ ജില്ലാ കൗണ്‍സിലില്‍ ഇടംനല്കി. മുന്‍ ജില്ലാ സെക്രട്ടറി ഇ.എ കുമാരനാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."