മാലദ്വീപില്‍ അടിയന്തരാവസ്ഥ
മാലെ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മാലദ്വീപില്‍ അടിയന്തരാവസ്ഥ. 15 ദിവസത്തേക്കാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംശയമുള്ളവരെ കസ്റ്റഡിയില്‍ വയ്ക്കാനും അറസ്റ്റ് ചെയ്യാനുമുള്ള കൂടുതല്‍ അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് നേരത്ത പിരിച്ചുവിട്ട സര്‍ക്കാര്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രിംകോടതി നീക്കത്തെ ചെറുക്കാന്‍ സൈനികര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാലദ്വീപിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര റദ്ദാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. മാലദ്വീപില്‍ കഴിയുന്ന ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. മാലദ്വീപിലേക്ക് പോകരുതെന്ന് ചൈനയും പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലൂടെ ലോക വിനോദസഞ്ചാര കേന്ദ്രമായ മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനുള്ള സുപ്രിംകോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് ഭരണകൂടം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജിവച്ച് പുതിയ നേതൃത്വം അധികാരമേല്‍ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും പ്രക്ഷോഭം ശക്തമാക്കിയിരുന്നു.
പ്രതിപക്ഷ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ തലസ്ഥാനഗരിയായ മാലെയില്‍ വന്‍ പൊലിസ്, സൈനിക സന്നാഹമാണ് ഒരുക്കിയിരുന്നത്. കോടതിവിധി മാനിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഒരു മന്ത്രി രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രസിഡന്റ് അബ്ദുല്ല യമീനിനെ ഇംപീച്ച് ചെയ്യാനുള്ള സുപ്രിംകോടതി നീക്കം ചെറുക്കുമെന്ന് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്ന നിലപാടുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്ന് പാര്‍ലമെന്റ് വളഞ്ഞ് സീല്‍ വച്ച പട്ടാളം രണ്ട് പ്രതിപക്ഷ നേതാക്കളെ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയുമുണ്ടായി. കോടതിവിധി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചതിനാണ് നേരത്തെ പ്രതിപക്ഷത്തേക്കു കൂറുമാറിയ പാര്‍ലമെന്റ് അംഗങ്ങളെ സൈന്യം അറസ്റ്റ് ചെയ്തത്.
ആരോഗ്യ മന്ത്രി ഹുസൈന്‍ റശീദ് ആണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ ഉത്തരവ് മറികടന്നുള്ള ഭരണകൂടത്തിന്റെ നടപടികളെ ന്യായീകരിക്കാന്‍ മനസാക്ഷി അനുവദിക്കാത്തതു കൊണ്ടാണ് രാജിയെന്ന് റശീദ് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് നിയമമന്ത്രി അസീമ ശക്കൂര്‍ രംഗത്തെത്തി. ഒരുപാട് നിയമപ്രശ്‌നങ്ങളും നൂലാമാലകളും നിലനില്‍ക്കുന്നതു കൊണ്ടാണ് കോടതിവിധി നടപ്പാക്കാന്‍ വൈകുന്നതെന്ന് അവര്‍ പറഞ്ഞു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കമുള്ള ഒന്‍പതു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും അയോഗ്യത കല്‍പിക്കപ്പെട്ട 12 പാര്‍ലമെന്റ് അംഗങ്ങളെ പുനഃസ്ഥാപിക്കാനുമാണ് വ്യാഴാഴ്ച മാലദ്വീപ് സുപ്രിംകോടതി ഉത്തരവിട്ടത്. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ച രണ്ട് പൊലിസ് മേധാവികളെ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രസിഡന്റ് യമീന്‍ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സെക്രട്ടറി അഹ്മദ് മുഹമ്മദ് പദവി രാജിവയ്ക്കുകയും ചെയ്തിരുന്നു.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നശീദിനെ 2012ല്‍ അബ്ദുല്ല യമീന്‍ അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. തുടര്‍ന്നാണ് നശീദിനെതിരേ 13 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് അര്‍ഹതയുള്ള ഭീകരവിരുദ്ധ കുറ്റം ചുമത്തിയത്. ഇപ്പോള്‍ ശ്രീലങ്കയിലാണ് നശീദ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."