സി സോണ്‍ വേദിയുണര്‍ന്നു
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്കു വര്‍ണാഭമായ തുടക്കം. തിളക്കമാര്‍ന്ന ആഘോഷം എന്ന അര്‍ഥം വരുന്ന ലാലി-ഗാല എന്നീ റഷ്യന്‍, മറാത്തി പദങ്ങളിലാണ് ഇത്തവണത്തെ സി സോണ്‍ കലോത്സവം നാമകരണം ചെയ്തിരിക്കുന്നത്.
കലാ സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ മികച്ച സംഭാവനകളര്‍പ്പിച്ച ഒ.എന്‍.വി, സഫ്തര്‍ ഹാഷ്മി, കലാഭവന്‍ മണി, ഗൗരി ലങ്കേഷ് എന്നിവരുടെ പേരുകളിലാണ് വേദികള്‍. സ്റ്റേജ് മത്സരങ്ങള്‍ സിനിമാ താരം കാളിദാസ് ജയറാം ഉദ്ഘാടനം ചെയ്തു. പൂമരം സോങ് ഫെയിം ഫൈസല്‍ റാസി മുഖ്യാതിഥിയായി. തുള്ളല്‍, ചാക്ക്യാര്‍കൂത്ത്, പാശ്ചാത്യ സംഗീതം, സംഘഗാനം, തന്ത്രിവാദ്യങ്ങള്‍, ചെണ്ടമേളം-ഗ്രൂപ്പ്, തുകല്‍വാദ്യങ്ങള്‍, പാശ്ചാത്യ തുകല്‍ വാദ്യങ്ങള്‍, പൗരസ്ത്യ തന്ത്രിവാദ്യങ്ങള്‍, സുഷിര വാദ്യങ്ങള്‍ എന്നീ സ്റ്റേജിന പരിപാടികളാണ് ഇന്നലെ നടന്നത്. കവിതാ രചന (മലയാളം, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, തമിഴ്), കൊളാഷ്, ക്ലേ മോഡലിങ്, ഡിബേറ്റ്, പോസ്റ്റര്‍ രചന എന്നീ സ്റ്റേജിതര മത്സരങ്ങളും നടന്നതോടെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്നലെ പരിസമാപ്തിയായി.
ഉദ്ഘാടന ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ സി. സുജ അധ്യക്ഷയായി. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ. ഫിറോസ് ബാബു, എന്‍.എസ്.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ശങ്കരന്‍, ഡോ. സന്തോഷ് വള്ളിക്കാട്, ഡോ. സുധീര്‍കുമാര്‍, ഡോ. ആസാദ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ. ശിഹാബ്, എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് എന്‍.എ ഹരിദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. രശ്മി, യൂനിവേഴ്‌സിറ്റി യൂനിയന്‍ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് നന്ദകുമാര്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ ജോയിന്റ് സെക്രട്ടറി അനുഷ, റഷീദ് പറമ്പന്‍, എന്‍.എം ശഫീഖ് സംസാരിച്ചു.
വാശിയേറി; രണ്ടാം ദിനത്തില്‍ മുന്നേറിയൂനിവേഴ്‌സിറ്റി കാംപസ്
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം രണ്ടാം ദിവസത്തിലേക്കു പ്രവേശിച്ചതോടെ മത്സരങ്ങള്‍ക്കും വാശിയേറി. ആകെ 18 മത്സരയിനങ്ങളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 30 പോയിന്റ് നേടി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് മുന്നേറ്റം നടത്തുകയാണ്. മഞ്ചേരി എന്‍.എസ്.എസ് കോളജ് 26 പോയിന്റോടെ രണ്ടാംസ്ഥാനത്തുണ്ട്.
18 പോയിന്റ് നേടി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മൂന്നാം സ്ഥാനത്തും 15 പോയിന്റോടെ മമ്പാട് എം.ഇ.എസ് കോളജ് നാലാം സ്ഥാനത്തുമുണ്ട്. ഇന്നലെ 12 മത്സരങ്ങളുടെ ഫലമാണ് പുറത്തുവന്നത്. സ്റ്റേജിതര മത്സരങ്ങളുടെ ഫലങ്ങള്‍ മുഴുവനായും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. വരും ദിവസങ്ങളില്‍ മാപ്പിള കലകള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളിലുള്ള മത്സരങ്ങള്‍ വേദികളിലെത്തുന്നതോടെ സി സോണ്‍ കലോത്സം കൂടുതല്‍ സജീവമാകുമെന്നാണ് കരുതുന്നത്.
മത്സരാര്‍ഥികള്‍ കുറവ്
മഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവത്തില്‍ വിവിധ സ്റ്റേജ് മത്സരങ്ങളില്‍ മത്സരാര്‍ഥികളുടെ പങ്കാളിത്തം നന്നേ കുറവ്. നൂറിലധികം കോളജുകളുള്ള ജില്ലയിലെ വിദ്യാര്‍ഥികളാണ് സി സോണില്‍ മത്സരിക്കുന്നത്. എന്നാല്‍, ഇന്നലെ പല മത്സരങ്ങളിലും വിരലിലെണ്ണാവുന്നവരാണ് മത്സരാര്‍ഥികളായി ഉണ്ടായിരുന്നത്. ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ നാലു മത്സരാര്‍ഥികളാണുണ്ടായിരുന്നത്. ചാക്യാര്‍കൂത്തിലും ഇതായിരുന്നു സ്ഥിതി. പശ്ചാത്യ സംഗീതത്തില്‍ താരതമ്യേന മത്സരാര്‍ഥികള്‍ കൂടുതലുണ്ടായിരുന്നു. ഗ്രേസ് മാര്‍ക്കടക്കം നല്‍കിയിട്ടും സി സോണ്‍ മത്സരങ്ങളിലെ പങ്കാളിത്തം കുറയുന്നതു യൂനിവേഴ്‌സിറ്റി കലോത്സവങ്ങള്‍ പ്രഹസമാകുന്നതിന്റെ തെളിവായി വിലയിരുത്തുന്നുണ്ട്.
സ്റ്റേജിതര മത്സര ഫലങ്ങള്‍
സിസോണ്‍ കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍:
പ്രബന്ധ രചന(അറബിക്): സഫ്‌വാന (ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കോട്ടക്കല്‍), പി.ടി റാനിയ (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്). പ്രബന്ധ രചന (സംസ്‌കൃതം): ഒ. അര്‍ച്ചന (മഞ്ചേരി എന്‍.എസ്.എസ് കോളജ്), പി.എം ശ്രീലക്ഷമി (ഗവ. കോളജ് മലപ്പുറം). ചെറുകഥാ രചന (തമിഴ്): ബി. സറഫുന്നീസ (എടവണ്ണ ജാമിഅ ഇസ്‌ലാമിയ്യ സയന്‍സ് കോളജ്), മുഹമ്മദ് യൂശഅ് മാലിക്ക് (പൂക്കാട്ടിരി സഫ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്). ചെറുകഥാ രചന (സംസ്‌കൃതം): ഒ. അര്‍ച്ചന (എന്‍.എസ്.എസ് കോളജ് മഞ്ചേരി), എം.എസ് രേഷ്മ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്). പ്രസംഗം (ഹിന്ദി): വൃന്ദ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്), രവീണ ( താനൂര്‍ ഗവ. സയന്‍സ് കോളജ്). പ്രസംഗം (ഉറുദു): നൂറാ അബ്ദുല്‍ ഹാക്കിംഖാന്‍(എം.ഇ.എസ് കോളജ് പൊന്നാനി), എന്‍. ഹന്ന (മലപ്പുറം ഗവ. കോളജ്). പ്രസംഗം (തമിഴ്): മുഹമ്മദ് മതര്‍ഷാ (ജാമിഅ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പട്ടിക്കാട്), എ. നന്ദിനി (നോബിള്‍ വുമണ്‍സ് കോളജ് മഞ്ചേരി). പ്രസംഗം (അറബിക്): ബി. ഫാത്വിമ ഹിബ (മമ്പാട് എം.ഇ.എസ് കോളജ്), ഫിദ ലുലു ശര്‍ഖി (പൊന്നി എം.ഇ.എസ് കോളജ്). പ്രസംഗം (സംസ്‌കൃതം): കെ.പി ബിനീഷ് (മജ്‌ലിസ് സയന്‍സ് കോളജ് വളാഞ്ചേരി), പി.എം ശ്രീലക്ഷമി (മലപ്പുറം ഗവ. കോളജ്). കവിതാ രചന (സംസ്‌കൃതം): ഒ. അര്‍ച്ചന(എന്‍.എസ്.എസ് കോളജ് മഞ്ചേരി), എം.എസ് രേഷ്മ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്). ക്ലേ മോഡലിങ്: അര്‍ജുന്‍ ഹരി ( തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്), ഷിഫ്‌ന ഷറിന്‍ (മമ്പാട് എം.ഇ.എസ് കോളജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."