സഊദിയില്‍ പുതിയ തൊഴില്‍ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അംഗീകാരം
ജിദ്ദ: തൊഴിലാളികള്‍ക്ക് ഗുണകരമായ മാറ്റങ്ങളോടെ സഊദിയില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ ഭേദഗതി വരുത്തി.
തൊഴിലുടമകളുടെ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളിലാണ് പ്രധാനമായും മാറ്റം വന്നിരിക്കുന്നത്. തൊഴില്‍ നിയമത്തിലെ നിയമലംഘനങ്ങളും പിഴയും പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ഭേദഗതിക്ക് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് ആണ് അംഗീകാരം നല്‍കിയത്.
നിയമലംഘനത്തിന് കൂടുതല്‍ കടുത്ത ശിക്ഷയും പിഴയും നല്‍കുന്നതാണ് പുതിയ പരിഷ്‌കരണം. 67 നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും ശിക്ഷയുമാണ് ഭേദഗതിയില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്.
ഇഖാമയിലുള്ള തൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവര്‍ക്കും സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലേബര്‍ ഓഫീസില്‍ അപ്‌ഡേറ്റ് ചെയ്യാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൊഴിലുടമ പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും. തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ട്, താമസരേഖയായ ഇഖാമ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ കൈവശംവയ്ക്കുന്ന സ്‌പോണ്‍സര്‍ക്ക് രണ്ടായിരം റിയാല്‍ പിഴ ചുമത്തും.
വേതന സുരക്ഷാ പദ്ധതിപ്രകാരം നല്‍കേണ്ട വിവരങ്ങള്‍ ഓരോ മാസവും നല്‍കിയില്ലെങ്കില്‍ സ്ഥാപനം പതിനായിരം റിയാല്‍ പിഴ അടയ്‌ക്കേണ്ടി വരും.
തൊഴിലാളികള്‍ക്ക് നല്‍കേണ്ട ആരോഗ്യ പരിരക്ഷ, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമയില്‍ നിന്ന് പതിനയ്യായിരം റിയാല്‍ പിഴ ഈടാക്കും. പിഴ അടച്ച നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണണം.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നപക്ഷം ഓരോ തവണയും പിഴസംഖ്യ ഇരട്ടിച്ചു കൊണ്ടിരിക്കും. ഇതിനു പുറമേ പല കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷകളില്‍ തൊഴില്‍ മന്ത്രാലയംഭേദഗതി വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."