നഗരങ്ങളില്‍ കുടിവെള്ളം സ്മാര്‍ട്ടാകും
തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ കുടിവെള്ള വിതരണം സ്മാര്‍ട്ടാക്കുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയെ അറിയിച്ചു.
എ.ഡി.ബി സഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി, കേന്ദ്ര നഗര വികസന മന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജലചോര്‍ച്ച ദേശീയ ശരാശരിയിലെങ്കിലും എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.29 കോടിയുടെ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. സ്മാര്‍ട്ട് ഓഫിസുകള്‍ സ്ഥാപിക്കുന്നതിന് 1.75 കോടിയും സര്‍ക്കാര്‍ അനുദിച്ചിട്ടുണ്ട്. പൈപ്പ് ലൈനിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് കണക്കാക്കുന്നതിന് ഫ്‌ളോമീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 7.5 കോടി രൂപയുടെ പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ കേരള സറ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള വാട്ടര്‍ അതോറിറ്റി ഇന്നവേറ്റീവ് സോണ്‍ എന്ന ആധുനിക സാങ്കേതിക പദ്ധതിക്കും രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഫ്‌ളാറ്റുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു. അമൃതം പദ്ധതിയില്‍ കേരളത്തിലെ ഒന്‍പത് നഗരങ്ങളില്‍ ശുദ്ധജല വിതരണത്തിന് കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്. 140.95 കോടി രൂപയുടേതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്,തൃശൂര്‍, ഗുരുവായൂര്‍, പാലക്കാട് നഗരങ്ങളിലെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്.
വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ ശൃംഖലയില്‍നിന്ന് 40 ശതമാനം ചോര്‍ച്ച ഉണ്ടാകുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് ദേശീയ ശരാശരിയായ 15 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."