ഇതെന്തൊരു ചാകര
കാട്ടാമ്പള്ളി: കഴിഞ്ഞ ഒരാഴ്ചയായി കല്ലുമ്മക്കായ ചാകരയുടെ ആഘോഷത്തിമിര്‍പ്പിലാണ് കാട്ടാമ്പള്ളി പ്രദേശം. കല്ലുമ്മക്കായ പറിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ വൈകുന്നേരങ്ങളില്‍ ഇവിടെ ഉത്സവ പ്രതീതിയാണുള്ളത്.
കടലിലെ പാറക്കെട്ടുകളില്‍ മാത്രം വളരാറുള്ള കല്ലുമ്മക്കായ കാട്ടാമ്പള്ളി പുഴയില്‍ എത്തിയത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. മഴ കുറഞ്ഞതിനാല്‍ പുഴയില്‍ ലവണാംശം അധികരിച്ചതും ചാകരയ്ക്ക് കാരണമായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഈ അല്‍ഭുത പ്രതിഭാസം കാണാനും കല്ലുമ്മക്കായ ശേഖരിക്കാനുമെത്തുന്നവരുടെ എണ്ണവും ദിനേന കൂടി വരികയാണ്. സാധാരണ പാറക്കെട്ടുകളില്‍ പറ്റിപിടിച്ചുകൊണ്ടാണ് കല്ലുമ്മക്കായ വളരാറുള്ളതെങ്കിലും കാട്ടാമ്പള്ളി പാലത്തിനു സമീപം ചെളിയില്‍ നിന്നാണ് കോരിയെടുക്കുന്നത്. ഒരാഴ്ചക്കിടെ ടണ്‍കണക്കിന് കല്ലുമ്മക്കായയാണ് ഇവിടെ നിന്നു ശേഖരിച്ചത്. ഫൈബര്‍ വള്ളങ്ങളിലും മറ്റും ശേഖരിക്കുന്ന കല്ലുമ്മക്കായ ആദ്യ ദിവസങ്ങളില്‍ ചാക്കിനു നൂറു രൂപയ്ക്കാണ് വില്പന നടത്തിയത്. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഇപ്പോള്‍ കിലോയ്ക്ക് നൂറു രൂപയ്ക്കാണ് വില്പന നടത്തുന്നത്. ഇതിലൂടെ പ്രദേശവാസികള്‍ക്ക് നല്ല വരുമാനമുണ്ടാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."