സ്‌കൂള്‍ അടച്ചു പൂട്ടല്‍: വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
കൊണ്ടോട്ടി: പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ അടച്ചു പൂട്ടാനായില്ലെന്ന റിപ്പോര്‍ട്ട് കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.ആശിഷ് ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു സ്‌കൂള്‍ അടച്ചു പൂട്ടാനായില്ലെന്നാണ് എ.ഇ.ഒയുടെ റിപ്പോര്‍ട്ട്. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സ്‌കൂളിന്റ ഭാവി. എന്നാല്‍ സ്‌കൂള്‍ ജൂണ്‍ ഒന്നിനു തന്നെ തുറക്കാനാണ് അധ്യാപകരുടേയും നാട്ടുകാരുടേയും ശ്രമം.
മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ലാഭകരമല്ലെന്ന വാദിച്ചു മാനേജര്‍ ടി.പി.മുനീറ ഹൈക്കോടതിയില്‍ നിന്നു സ്‌കൂള്‍ പൂട്ടാന്‍ അനുകൂല വിധി നേടിയിരുന്നു. 2009 ഏപ്രില്‍ 16-നാണു മാനേജര്‍ പൊതു വിദ്യഭ്യാസ ഡയറക്ടര്‍ക്ക് സ്‌കൂള്‍ അടച്ചു പൂട്ടുണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നത്.
ഡി.പി.ഐ അനുമതി നിഷേധിച്ചതോടെ മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയും 2011ല്‍ അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഈ വിധി സ്റ്റേ ചെയ്തങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് മാനേജര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇതു പ്രകാരം മാര്‍ച്ച് 31നു സ്‌കൂള്‍ പൂട്ടണമെന്നായിരുന്നു കോടതി നിര്‍ദേശം.
തുടര്‍ന്ന് ഏപ്രില്‍ എട്ടിനു ഡി.പി.ഐ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 11നു പ്രധാന അധ്യാപകന്‍ സ്‌കൂളിലെത്തി രേഖകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു നടന്നില്ല.മാനെജര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണു മെയ് 31നകം വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചത്.തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ എ.ഇ.ഒ സ്‌കൂളില്‍ രേഖകള്‍ ഏറ്റെടുക്കാനായി എത്തിയിരുന്നത്. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്നു മടങ്ങിപ്പോയി.
ഒളവട്ടൂര്‍ മങ്ങാട്ടുമുറി പ്രദേശത്തെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.സ്‌കൂളില്ലാത്തതിനാല്‍ മേഖലയിലെ ഏറെ പേരും ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. നിലവില്‍ 73 കുട്ടികളും അഞ്ചു അധ്യാപകരുമാണു സ്‌കൂളിലുളളത്. ഈ വര്‍ഷം പുതുതായി 19 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേക്കു പ്രവേശനം നേടിയത്. സ്‌കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ കുട്ടികളെത്തുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."