സമാധാനം പുലരാന്‍ ഒറ്റക്കെട്ടായി അക്രമികളെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്ന് സര്‍വകക്ഷിയോഗം
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അണികളെ നിയന്ത്രിക്കാമെന്ന ഉറപ്പോടെ സര്‍വകക്ഷിയോഗം. താഴെതട്ടിലുള്ള ചിലരാണ് അക്രമങ്ങള്‍ നടത്തുന്നതെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഇവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണം. ആയുധങ്ങള്‍ നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും നേതൃത്വത്തിന്റെ അറിവോടയല്ല. പ്രദേശികമായിട്ടുള്ള ആയുധ നിര്‍മാണം കര്‍ശനമായി നിരോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് പൊലിസിനു വിവരം നല്‍കാന്‍ പൊതുജനങ്ങളും തയ്യാറാവണം. ആരാധാനാലയങ്ങള്‍ക്കു നേരെ ഒരാക്രമവും നടക്കാന്‍ പാടില്ല. വിശ്വാസികള്‍ പവിത്രമായി കണക്കാക്കുന്ന കേന്ദ്രങ്ങളാണത്. ഇതു കൂടാതെ വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കു നേരെയും അക്രമം നടക്കുന്നുണ്ട്. ഇത്തരം സമീപനങ്ങളില്‍ നിന്ന് എല്ലാ കൂട്ടരും പിന്തിരിയാനും ഇനി ആവര്‍ത്തിക്കില്ലെന്നു ഉറപ്പുവരുത്തുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല നടന്ന വീടുകളില്‍ എല്ലാവരും എത്തുകയും സാന്ത്വനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കൊലപാതകം നാട് അംഗീകരിക്കുന്നില്ലെന്നുള്ള സന്ദേശമാണ് ഇത്തരം സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലും കലക്ടറുടെ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വവുമായി നിരവധി സമാധാന യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇവയെല്ലാം നല്ല രീതിയില്‍ ഫലം ചെയ്തിട്ടുണ്ട്. പക്ഷേ പൂര്‍ണ ഫലസിന്ധി നേടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിനായി യോജിച്ച നീക്കങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ അറുതിവരുത്തുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് സര്‍വാത്മനാ പിന്തുണ അറിയിക്കുന്നതായി ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി യോഗത്തെ അറിയിച്ചു. ആര്‍ക്കും സംഘടനാപ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാവരുത്. ജില്ലയില്‍ പൂര്‍ണ സമാധാനം വേണമെന്ന പൊതുനിലപാടിനോട് യോജിച്ച സമീപനമാണ് സംഘടനയുടേത്. ഇക്കാര്യം താഴേക്കിടയിലുള്ള പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിവരികയാണ്. വരാനിരിക്കുന്ന ഉല്‍സവ സീസണ്‍ അക്രമരഹിതമാക്കാന്‍ മുന്‍കരുതല്‍ വേണം. വ്യക്തികള്‍ ചെയ്യുന്ന അക്രമങ്ങള്‍ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവരുത്. ഇത്തരം സംഭവങ്ങളില്‍ രാഷ്ട്രീയമില്ലെങ്കില്‍ അക്കാര്യം ഉടന്‍ തന്നെ പൊതുജനങ്ങളെ അറിയിക്കാന്‍ പോലിസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനു മുമ്പില്‍ ജില്ലയുടെ സല്‍പേരിന് കളങ്കമായിമാറിയ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ജില്ലയിലെ ആയുധനിര്‍മാണവും ശേഖരണവും അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ അക്രമസംഭവങ്ങളിലേര്‍പ്പെടുന്ന സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താന്‍ യോജിച്ച നീക്കങ്ങളാവശ്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് പറഞ്ഞു. ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പാര്‍ട്ടി പ്രതിനിധികളും പോലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."