ഐ.എസ് ബന്ധം: കാസര്‍കോട് സ്വദേശി ഡല്‍ഹിയില്‍ എന്‍.ഐ.എയുടെ പിടിയില്‍
ന്യൂഡല്‍ഹി: ഐ.എസുമായി ബന്ധമുണ്ടെന്നാരോപിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയെ എന്‍.ഐ.എ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ലക്ഷ്മി നഗറിലെ അബ്ദുല്ല തെരുവത്തിന്റെ മകന് മൊയ്നുദ്ദീന് പാറക്കടവത്തിനെ (25) യാണ് ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയതായിരുന്നു മൊയ്നുദ്ദീന്. സംശയത്തെത്തുടര്‍ന്ന് പിടിയിലായ മൊയ്നുദ്ദീനെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടബോര്‍ രണ്ടിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് അഞ്ചു പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതേ ദിവസം മറ്റൊരാളെ കോഴിക്കോട്ടു നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൊയ്നുദ്ദീന് മുഖ്യ പങ്കാളിയാണെന്ന വിവരം ലഭിക്കുന്നത്.
ടെലിഗ്രാം ഗ്രൂപ്പുകളില്‍ അബു അല്‍ ഇന്തോനേസീ, ഇബ്ന് അബ്ദുല്ല തുടങ്ങിയ പേരുകളില്‍ മൊയ്നുദ്ദീന് സജീവമാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഐ.എസുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അബുദാബിയില്‍ നിന്ന് വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ വഴി മൊയ്നുദ്ദീന് പണമയച്ചതായും എന്‍.ഐ.എ പറഞ്ഞു.
മൊയ്നുദ്ദീനെ വ്യാഴാഴ്ച എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കും. പിന്നീട് ഇയാളെ കേരളത്തിലെ എന്‍.ഐ.എ പ്രത്യേക കോടതിക്കു മുന്‍പാകെ ഹാജരാക്കാന്‍ അനുമതി ചോദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."