കായല്‍ കൈയേറ്റം: കേസ് നീട്ടിവയ്ക്കണമെന്ന് തോമസ് ചാണ്ടി
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് സുപ്രിംകോടതിയില്‍ കത്തുനല്‍കി. വൈറല്‍പനി ആയതിനാല്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകന് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയത്. നാളെ പുതിയ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകന്റെ നടപടി. ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് ജസ്റ്റിസ് കുര്യന് ജോസഫ് കഴിഞ്ഞമാസം അപ്രതീക്ഷിതമായി പിന്മാറിയതോടെയാണ് കേസ് വീണ്ടും നാളത്തേക്കു നീട്ടിയത്.
കേസ് പരിഗണിക്കുന്ന ബെഞ്ചിനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. കൈയേറ്റ കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കലക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."