മാലദ്വീപില്‍ ഇന്ത്യയുടെ സൈനിക നടപടി ആവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ്
മാലെ: ഇന്ത്യയുടെ സഹായം തേടി വീണ്ടും മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് രംഗത്ത്. മാലദ്വീപില്‍ തുടരുന്ന രാഷ്ട്രീയ അടിയന്തരാവസ്ഥ പരിഹരിക്കാന്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സൈനിക നടപടിക്കു പകരം പരസ്പര ചര്‍ച്ചയാണ് ആവശ്യമെന്ന ചൈനയുടെ നിലപാടിനെ തള്ളിയാണ് മുന്‍ പ്രസിഡന്റ് ഇന്ത്യയുടെ സഹായം തേടിയത്. കഴിഞ്ഞ ദിവസവും ഇന്ത്യ അടക്കമുള്ള വിദേശരാഷ്ട്രങ്ങളോട് മാലദ്വീപ് വിഷയത്തില്‍ ഇടപെടണമെന്ന് നശീദ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നങ്ങളെ ആഭ്യന്തരമായി പരിഹരിക്കണമെന്നു പറയുന്നത് തങ്ങളോട് വിപ്ലവമുണ്ടാക്കാന്‍ പറയുന്നതു പോലെയാണെന്നും അതായിരിക്കും രാജ്യത്ത് കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കുകയെന്നും ചൈനയെ പരോക്ഷമായി സൂചിപ്പിച്ച് നശീദ് പറഞ്ഞു. 'മാലദ്വീപുകള്‍ ഇന്ത്യയുടെ പങ്കിനെ അനുകൂലമായാണു നോക്കിക്കാണുന്നത്. 88ലും ഇന്ത്യ രാജ്യത്തിന്റെ വിഷയത്തില്‍ ഇടപെട്ടു പരിഹാരമുണ്ടാക്കിയിരുന്നു. അവര്‍ അധിനിവേശകരല്ല, രാജ്യത്തിന്റെ വിമോചകരാണ്. അതുകൊണ്ടാണ് മാലദ്വീപുകാര്‍ ഇന്ത്യ ഇടപെടുന്നതു കാത്തിരിക്കുന്നത് '-ശ്രീലങ്കയില്‍ രാഷ്ട്രീയ ഒളിവില്‍ കഴിയുന്ന മുഹമ്മദ് നശീദ് വ്യക്തമാക്കി.
മാലദ്വീപില്‍ സൈനിക നടപടിക്കു മുതിരുന്നതിനെതിരേ ചൈന രംഗത്തെത്തിയിരുന്നു. അത്തരമൊരു നീക്കം ഉപദ്വീപിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ചൈനയുടെ നിലപാട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അബ്ദുല്ല യമീനിന്റെ സര്‍ക്കാറുമായി ചൈന നല്ല ബന്ധമാണു പുലര്‍ത്തുന്നത്.
യമീനിന്റെ സൈന്യം ജയിലിലടച്ച രാഷ്ട്രീയ തടവുകാരെയും അടിയന്തരാവസ്ഥയ്ക്കു ശേഷം അറസ്റ്റ് ചെയ്ത മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയൂം, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, സുപ്രിംകോടതിയിലെ മറ്റൊരു ജഡ്ജി അലി ഹമീദ് എന്നിവരെയും മോചിപ്പിക്കാന്‍ ഇന്ത്യ സൈനികമായി തന്നെ ഇടപെടണമെന്നായിരുന്നു നേരത്തെ നശീദ് ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് ചൈന രംഗത്തെത്തിയത്.
തിങ്കളാഴ്ചയാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് പ്രത്യേകാധികാരം നല്‍കിയിരുന്നു. ഭരണപക്ഷ നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ നിരോധിക്കണമെന്ന് അമേരിക്കയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."