പ്രധാനമന്ത്രിയുടെ മൗനവ്രതം എന്നവസാനിക്കും
മൗനത്തിലൂടെയും ഒളിച്ചുകളിയിലൂടെയും രക്ഷപ്പെടാന്‍ നോക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ വഞ്ചിക്കുകയാണ്. ഏതു വിഷയം വരുന്ന സമയത്തും അതില്‍ ഇടപെടാതിരിക്കാനുള്ള തന്ത്രമായി, മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കീഴ്‌വഴക്കം പോലും തിരുത്തിയെഴുതി, ചോദ്യങ്ങളില്‍നിന്നു മനഃപൂര്‍വം വിട്ടുനില്‍ക്കുകയാണു ഫാസിസ്റ്റ് നേതാവ്. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ നിഷേധിച്ചു പാര്‍ലമെന്റില്‍പോലും ചോദ്യോത്തരവേള കഴിഞ്ഞതിനു ശേഷം മാത്രം പ്രത്യക്ഷപ്പെടുന്ന മോദി മാധ്യമങ്ങള്‍ക്കു പത്രക്കുറിപ്പുകള്‍ നല്‍കി തടിതപ്പുന്നു.
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രിമാര്‍ മാധ്യമങ്ങളെ കാണുകയും അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാതെ ചോദ്യങ്ങള്‍ക്കുള്ള അവസരം നിഷേധിച്ചു താന്‍ എഴുതി നല്‍കുന്നതു മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന ഏകാധിപത്യ നിലപാടു പുലര്‍ത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തെയാണു വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നത്.
താന്‍ അവകാശപ്പെടുന്ന വിദ്യാഭ്യാസനിലവാരം തനിക്കുണ്ടെന്നുപോലും തെളിയിക്കാന്‍ കഴിയാത്ത മോദി സ്വയം പരിഹാസ്യനാവുകയാണ്. എം.പിമാര്‍ അദ്ദേഹത്തിനു നല്‍കുന്ന പരാതികളെക്കുറിച്ചും നിവേദനങ്ങളെക്കുറിച്ചും വല്ലതും ഉരിയാടാന്‍ ത്രാണിയില്ലാത്ത അദ്ദേഹത്തിന് എഴുതി തയാറാക്കിയ പ്രസംഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കാന്‍ മാത്രമേ അറിയുകയുള്ളൂവെന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യക്കു വൈദേശികതലത്തിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും ഇന്ത്യയുടെ സ്വരം ഐക്യരാഷ്ട്രസഭയില്‍ പല പ്രാവശ്യം ഉയര്‍ത്തുകയും ചെയ്ത മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ മരണവാര്‍ത്ത മറച്ചുവയ്ക്കാന്‍ ഗൂഢശ്രമം നടത്തിയ മോദി, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞില്ല.
ഇതില്‍നിന്നു തന്നെ ഈ വിഷയത്തിന് അദ്ദേഹം ഒരു പ്രാധാന്യവും നല്‍കിയില്ലെന്നു വ്യക്തമാണ്.
തന്നെ വിമര്‍ശിക്കുന്നവരെ ഏകാധിപത്യ ശൈലിയിലൂന്നിയ പ്രസംഗങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ മുതിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓരോ ഇടപെടലും ഇന്ത്യയുടെ ഭാവിക്കു മുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്‍മോഹന്‍സിങിനെ ചോദ്യോത്തരവേള കഴിഞ്ഞു പ്രസംഗിക്കാന്‍ പാകത്തിനെത്തിയ നരേന്ദ്ര മോദി പരിഹസിച്ചതും എതിര്‍ക്കുന്നവരോടു താന്‍ പുലര്‍ത്തുന്ന ഫാസിസ്റ്റ് നിലപാടിലേക്കുള്ള സൂചനയാണ്.
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തികരംഗത്തു വന്‍ ഇടിവിനു കാരണമാകുമെന്നും അത് തന്നെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ കഴിയാത്തതാണെന്നുമുള്ള മന്‍മോഹന്റെ പരാമര്‍ശങ്ങളായിരുന്നു ഇതിനു കാരണം. വിമര്‍ശനങ്ങളെ താന്‍ എത്രത്തോളം ഭയപ്പെടുന്നുവെന്നുകൂടി മോദിയുടെ ഇത്തരം നീക്കങ്ങളില്‍നിന്നു വ്യക്തമാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയ്ക്കു നരേന്ദ്രമോദി പരാജയമാണെന്നതിന്റെ സൂചനകള്‍ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്നു മനസ്സിലാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."