മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ സമരം പിന്‍വലിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍വഴി മാസം തോറും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘടനാ പ്രതിനിധികളെ മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഇതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്‍സോര്‍ഷ്യവും സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാക്കും. അതിനാല്‍ പെന്‍ഷന്‍കാര്‍ അവരവരുടെ താമസസ്ഥലത്തെ സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണം. ഈ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ ലഭ്യമാക്കും. കുടിശ്ശികയും തീര്‍ത്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പെന്‍ഷന്‍ നല്‍കുന്നത് കെ.എസ്.ആര്‍.ടി.സി തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ വിഷമസാഹചര്യം പരിഗണിച്ച് ഇതിനാവശ്യമായ ഫണ്ട് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ഫണ്ട് ലഭ്യമാക്കാനുളള വഴി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വ്യക്തമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ പെന്‍ഷന്‍കാര്‍ സമരം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും സംഘടനകള്‍ അതു അംഗീകരിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."